മോമോ ഇൻ ദുബൈ: സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ കുഞ്ഞുസിനിമ

ലാൽ ലൗ സ്റ്റോറിക്കുശേഷം സക്കരിയ, ആഷിഫ് കക്കോടിയോടൊപ്പം തിരക്കഥയെഴുതി അമീൻ അസ്‍ലം സംവിധാനം ചെയ്ത മോമോ ഇൻ ദുബൈ കുട്ടികളുടെ ചിത്രമാണ്. ഒത്തിരി സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ കുഞ്ഞുസിനിമ. തന്‍റെ കുടുംബത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ദുബൈയിൽ മെച്ചപ്പെട്ട ജോലി തേടുന്ന പിതാവിന്റെയും ബുർജ് ഖലീഫ കാണാനുള്ള അതിയായ ആഗ്രഹമുള്ള മകന്റെയും കഥയാണ് മോമോ ഇൻ ദുബൈ.

മൂന്നുമക്കളിൽ ഏറ്റവും ഇളയനായ മോമോയായി അത്രേയ ബൈജുരാജിന്റെ വൺമാൻ ഷോയാണ് ചിത്രത്തിൽ. മറ്റു ബാല താരങ്ങളായ അറഫ റഹ്മാനും നജിൻ അബ്ബാസും സഹോദരങ്ങളുടെ വേഷം മികച്ചതാക്കി. കുട്ടികളുടെ സംഭാഷണവും പ്രതികരണവുമെല്ലാം, പ്രത്യേകിച്ച് മോമോയുടെ ചില പ്രവൃത്തികൾ അലോസരപ്പെടുത്തുന്നതാണെങ്കിലും പ്രകടനംകൊണ്ട് അത്രേയ അത് രസകരമായി ചെയ്തുവെച്ചിട്ടുണ്ട്.

 

പിണക്കങ്ങളും ഇണക്കങ്ങളും കുസൃതിയുമായി മുന്നോട്ടുപോകുന്നതാണ് ചിത്രം. മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബോധ്യമുള്ള കുട്ടികളെ ചിത്രത്തിൽ കാണാൻ സാധിക്കില്ല. പക്ഷേ, അവർ കാര്യങ്ങൾ മനസ്സിലാക്കുന്നുവെന്ന് പറയാം. ചിത്രത്തിൽ അമ്മയായി അഭിനയിച്ച അനു സിത്താരയുടെയും അച്ഛൻ വേഷം ചെയ്ത അനീഷ് മേനോന്റെയും പ്രകടനം മുതൽക്കൂട്ടാണ്. ഇവരുടെ മികച്ച കെമിസ്ട്രി ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്. കുറച്ചുകാലത്തിനുശേഷമാണ് അനു സിത്താരയ്ക്ക് അഭിനയ സാധ്യതയുള്ള വേഷം ലഭിക്കുന്നത്. ജോണി ആന്റണിയുടെയും അയൽക്കാരനായ അറബിയുടേയും കഥാപാത്രം അടിപൊളിയാണ്. മോമോയുടെ യാത്രയിലെ ചില രസകരകമായ കൂട്ടിച്ചേർക്കലാണ് ഈ കഥപാത്രം. തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ മികവോടെ ജോണി ആൻറണി ആ വേഷം ചെയ്തിട്ടുമുണ്ട്.

 

എന്നിരുന്നാലും ചില രംഗങ്ങൾക്കും പറച്ചിലിനും ഒട്ടും വ്യക്തതയും പൂർണതയും ഇല്ലാതെപോയി എന്നുവേണം പറയാൻ. ക്ലൈമാക്സിലെ വികാരപ്രകടനങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിരക്കഥാകൃത്തുക്കൾക്കും സംവിധായകനും കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.

ഊഹിക്കാവുന്ന അന്ത്യമാണെങ്കിലും ചെറിയ ഒരു പുഞ്ചിരി വിടർത്തുന്ന, കൂടുതൽ ചിന്തകൾക്ക് വിടാതെ ലളിതമായി കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു ചിത്രമാണ് മോമോ ഇൻ ദുബൈ. ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസിന്റെ ബാനറിൽ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിർമാണം. എഡിറ്റിങ്: രതീഷ് രാജ്. 

Tags:    
News Summary - movie review momo in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT