മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ജനപ്രിയ ചലച്ചിത്ര ഫ്രാഞ്ചൈസി ദൃശ്യത്തിന്‍റെ മൂന്നാം ഭാഗമായ ദൃശ്യം 3 മേയിൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ആരാധകർക്ക് ആവേശമുണ്ടാക്കുന്ന മറ്റൊരു വാർത്തയാണ് ചിത്രത്തിന്‍റെ നിർമാതാക്കളുടെ ഭാഗത്തുനിന്ന് വരുന്നത്. ദൃശ്യം 3 എത്തുന്നതിന് മുന്നോടിയായി ദൃശ്യം 2 തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. നേരിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ദൃശ്യം 2.
ഏപ്രിൽ 10ന് ദൃശ്യം 2 തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. 2021 ഫെബ്രുവരി 19നാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. കോവിഡ്-19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിനിടെ രാജ്യത്തെ ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്താണ് നിർമാതാക്കൾ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. അഞ്ച് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ദൃശ്യം 2 ഇപ്പോൾ തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.
അതേസമയം, മോഹൻലാലിന്റെ ജന്മദിനമായ മേയ് 21നാണ് ദൃശ്യം 3 തിയറ്ററിൽ എത്തുക. ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.