കുട്ടികളുടെ തൊഴിൽ നിയമം ലംഘിച്ചെന്ന് പരാതി; 'ഇരുമുടി' നിർമാതാക്കൾക്ക് നോട്ടീസ്
ഹൈദരാബാദ്: തെലുങ്ക് താരം രവി തേജ നായകനായ 'ഇരുമുടി' എന്ന സിനിമയിലെ ബാലതാരം നക്ഷത്രയുടെ തൊഴിൽ നിബന്ധനകൾ ലംഘിച്ചെന്ന പരാതിയിൽ നിർമാണക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന് തെലങ്കാന ലേബർ ഡിപ്പാർട്ട്മെന്റ് നോട്ടീസ് അയച്ചു. പ്രൊഡക്ഷനിലും സിനിമാ പ്രചാരണങ്ങളിലും ബാലതാരത്തെ പങ്കാളിയാക്കിയതിൽ കുട്ടികളുടെ തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കാണിച്ച് ജയ് ലോക് സത്ത (സോഷ്യൽ ജസ്റ്റിസ് ഫോറം) സ്ഥാപക പ്രസിഡന്റ് സി. മഹേഷ് ബാബുവാണ് പരാതി നൽകിയത്.
കുട്ടിയുടെ ജോല സമയം, പ്രതിഫലം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതി സമർപ്പിച്ചത്. ജില്ല മജിസ്ട്രേറ്റിന്റെ അനുമതിപത്രം, മാതാപിതാക്കളുടെ സമ്മതപത്രം, തൊഴിൽ സമയം, ഹാജർ, വിദ്യാഭ്യാസപരമായ ക്രമീകരണങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ലേബർ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നവംബർ നാലിന് ആർ.ടി.സി എക്സ് റോഡ്സിലെ അഞ്ചയ്യ കാർമിക ക്ഷേമ ഭവനിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ നിർമാതാക്കളോട് ആവശ്യമായ രേഖകളുമായി ഹാജരാകാൻ രംഗാറെഡ്ഡി സോൺ ജോയിന്റ് കമീഷണർ ഉത്തരവിട്ടു.
കഴിഞ്ഞ ഓഗസ്റ്റിൽ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ ബാലതാരത്തിനെതിരെ രവി തേജ നടത്തിയ അപകീർത്തികരമായ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ നോട്ടീസ് വന്നിരിക്കുന്നത്. ചടങ്ങിനിടെ നക്ഷത്ര തനിക്ക് അനുയോജ്യമായ ഒരു വിളിപ്പേര് ചോദിച്ചപ്പോൾ രവി തേജ തെലുങ്കിൽ സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്ന അധിക്ഷേപകരമായ ഒരു വാക്ക് ("മുദുര മുണ്ട") പറയുകയായിരുന്നു. ഇതിന്റെ അർഥം കുട്ടി തിരികെ ചോദിച്ചപ്പോൾ "പിന്നീട് പറഞ്ഞുതരാം" എന്നായിരുന്നു താരത്തിന്റെ മറുപടി. സംഭവം വിവാദമായതോടെ രവി തേജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.