ദൃശ്യം 3

അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3' കാണാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടതില്ല; നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ഉടൻ

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന അജയ് ദേവ്ഗൺ ചിത്രമായ 'ദൃശ്യം 3: ദ കൺക്ലൂഷൻ' ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചും ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ചും മുന്നേറിയതിന് പിന്നാലെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു.  എന്റർടൈൻമെന്റ് പോർട്ടലായ 'ഡിജിറ്റിന്റെ' റിപ്പോർട്ട് പ്രകാരം, ചിത്രം ഈ മാസം പകുതിയോടെയോ അവസാനത്തോടെയോ നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും എന്നാണ് സൂചന.

മലയാളത്തിൽ മോഹൻലാൽ നായകനായി എത്തി മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ 'ദൃശ്യം' ചിത്രത്തിന്റെ ഹിന്ദി റീമേക്കായാണ് അജയ് ദേവ്ഗൺ നായകനായുള്ള ഈ ത്രില്ലർ ഫ്രാഞ്ചൈസി എത്തിയത്. ഇതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഹിന്ദി ബോക്സോഫീസിൽ ചരിത്ര വിജയം നേടിയിരുന്നു.

തന്റെ കുടുംബത്തെ ഏത് പ്രതിസന്ധിയിലും നിയമത്തിന്റെ കണ്ണുവെട്ടിച്ചും മറ്റും രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന വിജയ് സാംഗോൽക്കർ എന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ ഫ്രാഞ്ചൈസിയുടെ അവസാനത്തെ അഥവാ കൺക്ലൂഷൻ ചാപ്റ്റർ ആയാണ് തിയറ്ററുകളിൽ എത്തിയത്. മുൻ ഭാഗങ്ങളെ വെല്ലുന്ന ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളാണ് മൂന്നാം ഭാഗത്തിലും അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.

കഴിഞ്ഞ ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, ബോക്സോഫീസിൽ നിന്ന് വൻ കലക്ഷൻ ആണ് വാരിക്കൂട്ടിയത്. റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിൽ വലിയ റെക്കോർഡുകൾ തീർക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.

തിയറ്ററുകളിലെത്തിയ ആദ്യ ദിവസം മുതൽ തന്നെ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ മാജിക് ഹിന്ദിയിലും അജയ് ദേവ്ഗണും അഭിഷേക് പഥക്കും ചേർന്ന് ഭംഗിയായി അവതരിപ്പിച്ചു എന്നതിന് തെളിവായിരുന്നു തിയറ്ററുകളിലെ ആൾക്കൂട്ടം.

നവംബർ മാസം പകുതിയോടെയോ അല്ലെങ്കിൽ നവംബർ 27ഓടെയോ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ്  റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്കിലും, ഒടിടി പ്ലാറ്റ്‌ഫോമോ സിനിമയുടെ നിർമാതാക്കളോ ഇതുവരെ കൃത്യമായ റിലീസ് തിയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജയ് ദേവ്ഗണിന് പുറമെ തബു, ശ്രിയ ശരൺ, രജത് കപൂർ, പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മലയാളം പതിപ്പിന്റെ ഗരിമ ചോർന്നുപോകാതെയാണ് ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽ ചിത്രം കാണാൻ സാധിക്കാത്തവരും, ത്രില്ലിങ് രംഗങ്ങൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരുമായ ചലച്ചിത്ര ആസ്വാദകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഒടിടി വരവിനായി കാത്തിരിക്കുന്നത്.

Tags:    
News Summary - Drishyam 3 OTT Release On Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.