മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് ദൃശ്യം 3യും പാട്രിയറ്റും. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ സിനിമകളുടെ ലൊക്കേഷൻ വിഷ്വലുകൾ എന്ന പേരിൽ ചില സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വ്യാജമാണെന്ന റിപ്പോർട്ടുകളാണ് ഉപ്പോൾ പുറത്തുവരുന്നത്. പ്രചരിച്ച വിഷ്വലുകൾ എ.ഐ നിർമിതമാണ്. ഇതോടെ, യഥാർഥ ചിത്രങ്ങൾ എങ്ങനെ തിരിച്ചറിയും എന്ന ആരാധകരുടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
കണ്ടാൽ ഒർജിനലെന്നു തോന്നിക്കുന്ന വ്യക്തതയോടെയാണ് ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ദൃശ്യം 3യുടെ സെറ്റിൽ വെച്ച് അണിയറപ്രവർത്തകർ ആദരിച്ചതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ഫോട്ടോകളിൽ മോഹൻലാൽ ധരിച്ചിരുന്ന ഡിസൈനിലുള്ള ഷർട്ടും മുണ്ടും കൃത്രിമമായി അനുകരിച്ചാണ് എ.ഐ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ ഒന്നും മോഹൻലാലിൻറെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നില്ല. അതുപോലെ മോഹൻലാലിന് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നടനെ അഭിനന്ദിച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് അതെ പടി അനുകരിച്ചുകൊണ്ടാണ് മറ്റൊരു ചിത്രം പ്രചരിക്കുന്നത്.
അതേസമയം, ദൃശ്യം 3യുടെ ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ എന്നും ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്’. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി, ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തിൽ ഉണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.