മോഹൻലാലും ചിരഞ്ജീവിയും
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന ലേബലോടെ ആയിരുന്നു സിനിമയെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നത്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറിയതായാണ് വിവരം.
ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതായാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തത്. പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറിയത്. ചിത്രത്തിനായി മോഹൻലാൽ 30 കോടി രൂപ ആവശ്യപ്പെട്ടതായും ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ലാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
2023ൽ പുറത്തിറങ്ങിയ വാൾട്ടെയർ വീരയ്യ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബോബി കൊല്ലിയും ചിരഞ്ജീവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിരഞ്ജീവിയിപ്പോൾ 'മന ശങ്കര വര പ്രസാദ് ഗരു' എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് ഒരുക്കത്തിലാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നയൻതാരയാണ് നായിക. 2026 ജനുവരി 12ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ൽ തന്റെ ഫാന്റസി ആക്ഷൻ ചിത്രമായ വിശ്വംഭരയും തിയറ്ററിൽ എത്തുമെന്നാണ് താരത്തിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.