‘സ്ട്രേഞ്ചർ തിങ്സ്’ താരം ഡേവിഡ് ഹാർബറിനെതിരെ പീഡന പരാതി നൽകി സഹതാരം മില്ലി ബോബി ബ്രൗൺ. ഡേവിഡ് ഹാർബർ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് മില്ലിയുടെ പരാതിയിൽ പറയുന്നത്. അതേസമയം, ലൈംഗിക ആരോപണങ്ങളൊന്നും പരാതിയിലില്ല. ‘സ്ട്രേഞ്ചർ തിങ്സിന്റെ സീസൺ 5 പുറത്തിറങ്ങാനിരിക്കെയാണ് മില്ലിയുടെ പരാതി.
സീരീസിൽ മില്ലി ബോബി ബ്രൗണിന്റെ കഥാപാത്രമായ ഇലവന്റെ വളർത്തച്ഛനായാണ് ഡേവിഡ് ഹാർബർ അഭിനയിക്കുന്നത്. കഴിഞ്ഞ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് ബ്രൗൺ പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരാതിയെ തുടർന്ന് ഹാർബർ ആഭ്യന്തര അന്വേഷണം നേരിട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പുതിയ വിവാദങ്ങൾക്കിടയിൽ ഹാർബർ മുമ്പ് മില്ലിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. മില്ലിയോട് എനിക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹമുണ്ട്. അവൾ വളരെ ചെറുപ്പമായിരുന്നത് മുതൽ എനിക്ക് അവളെ അറിയാം. ഈ പ്രശസ്തിയൊക്കെ ലഭിക്കുന്നതിന് മുമ്പ് തന്നെ എനിക്ക് അവളെ അറിയാം. മില്ലിയോട് ആഴത്തിലുള്ള പിതൃവാത്സല്യം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് 2021ലെ ഒരു അഭിമുഖത്തിൽ ഡേവിഡ് ഹാർബർ പറഞ്ഞിരുന്നു.
ഇതിനിടെ താരത്തിനെതിരെ പരാതിയുമായി മുന്‍ഭാര്യ ലില്ലി അലനും രംഗത്തുവന്നിട്ടുണ്ട്. തനിക്കൊപ്പം കഴിയവെ താരത്തിന് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നാണ് മുന്‍ഭാര്യയുടെ ആരോപണം. നാലുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹമോചനം നേടിയത്. 2016ൽ സ്ട്രേഞ്ചർ തിങ്സ് പരമ്പര ചിത്രീകരണം ആരംഭിക്കുമ്പോഴാണ് മില്ലിയെ ഹാർബർ പരിചയപ്പെടുന്നത്. അന്ന് ബ്രൗണിന് 12 വയസാണ് പ്രായം. ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5 ഒന്നാം ഭാഗം നവംബർ 26 നും രണ്ടാം ഭാഗം ഡിസംബർ 25 നുമാണ് പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.