ചെന്നൈ: ദക്ഷിണേന്ത്യയിലെ തിയറ്ററുകളിൽ ആവേശമുയർത്തി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ടൈറ്റിൽ കാർഡ്. ‘ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ജനനായകനിൽ’ എന്നായിരുന്നു ടൈറ്റിൽ കാർഡ്. ടൈറ്റിൽ കാർഡ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ കൈയടിച്ചും വിസിലടിച്ചും നൃത്തംചെയ്തും ആർപ്പുവിളികളുമായെത്തി.
ജനനായകൻ ചിത്രം റിലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ ട്രെയിലറാണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. 2024ലാണ് വിജയ് തമിഴക വെട്രി കഴകം പാർട്ടി രൂപവത്കരിക്കുന്നത്. രണ്ടുവർഷത്തിനുശേഷം നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് പാർട്ടി സ്വന്തമാക്കിയത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.
‘ഇന്ത്യയിൽ ഒരു നടന് ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രി ടൈറ്റിൽ കാർഡ്’ എന്നായിരുന്നു ഒരു ഉപയോക്താവ് തിയറ്ററിലെ ദൃശ്യങ്ങൾ പങ്കുവെച്ച് കുറിച്ചത്. പുതിയ ടൈറ്റിൽ കാർഡ് ഏത് തിയറ്ററാണ് പ്രദർശിപ്പിച്ചതെന്ന കാര്യം വ്യക്തമല്ല.
ജനുവരി ഒമ്പതിന് ജനനായകൻ തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയെങ്കിലും ചിത്രം തിയറ്ററുകളിലെത്തിക്കാൻ കഴിഞ്ഞില്ല. മാർച്ച് 15ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.എൻ പ്രൊഡക്ഷൻസാണ്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.