ലിയോ സിനിമയുടെ സെറ്റിൽ വച്ച്
മലയാളത്തിന്‍റെ പ്രിയങ്കരനായ താരമാണ് മാത്യു തോമസ്. 2023ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലൂടെ സിനിമ മേഖലയിൽ തന്‍റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ മാത്യുവിന് സാധിച്ചു. ചിത്രത്തിൽ വിജയ് യുടെ മകനായാണ് മാത്യു അഭിനയിച്ചത്. ഇത് തമിഴ്നാട്ടിൽ തനിക്ക് വലിയ അംഗീകാരം നേടിതന്നെന്ന് മാത്യു പറഞ്ഞിരുന്നു. ദളപതിയെ നേരിട്ട് കണ്ടതും മകനായ് അഭിനയിക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി താൻ കാണുന്നുവെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരനുഭവമായിരുന്നു അതെന്നും മാത്യു കൂട്ടിച്ചേർത്തു.
വിജയ് യെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം അന്ന് അഭിനയിച്ചിരുന്ന ചിത്രത്തെക്കുറിച്ചും പിന്നീട് അത് പുറത്തിറങ്ങിയപ്പോൾ തിയറ്ററുകളിൽ ലഭിച്ച പ്രതികരണത്തെക്കുറിച്ചും തന്നോട് സംസാരിച്ചതായി മാത്യു വെളിപ്പെടുത്തി. ‘അദ്ദേഹം എപ്പോഴും വളരെ സ്നേഹവും കരുതലുമുള്ള ആളാണ്. അദ്ദേഹത്തിന്‍റെ മകനായി അഭിനയിച്ചതുകൊണ്ട് തമിഴ്നാട്ടിലെ ആളുകൾ എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും കാണിച്ചിരുന്നു.’
ലിയോയുടെ വലിയ വിജയം തമിഴിൽ മറ്റു സിനിമകൾ ലഭിക്കാനും കാരണമായെന്ന് മാത്യു കൂട്ടിച്ചേർത്തു. നടനും സംവിധായകനുമായ ധനുഷിന്റെ 'നിലാവുകു എൻ മേൽ എന്നടി കോപം ( നീക് )' എന്ന ചിത്രത്തിന്റെ സെറ്റിൽ തനിക്ക് വളരെയധികം സ്നേഹവും പരിചരണവും ലഭിച്ചതായും താരം പങ്കുവെച്ചു. ഇക്കാലത്ത് ആളുകൾ സെൽഫികൾക്കായി എന്റെ അടുക്കൽ വരുന്നു. വിജയ് നായകനായ ചിത്രത്തിൽ പ്രവർത്തിച്ചത് എന്റെ ജീവിതം മാറ്റിമറിച്ചു. ഭാവിയിൽ സ്വന്തം നാട്ടിൽ തന്നെ കരിയർ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്നും താരം പറഞ്ഞു. മലയാള സിനിമയിൽ പ്രവർത്തിക്കുന്നതാണ് എനിക്ക് ഏറ്റവും സംതൃപ്തിയും സന്തോഷവും നൽകുന്നത് മാത്യു കൂട്ടിച്ചേർത്തു.
നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നെല്ലിക്കാംപെയിൽ നൈറ്റ് റൈഡേഴ്‌സാണ് ഏറ്റവും പുതിയ മാത്യു ചിത്രം. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്‍റെ കഥാതന്തു. മാത്യു തോമസിനെ കൂടാതെ മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.