'എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ എന്തോ വൈബ് ഉണ്ടെന്നാ...', മാത്യു തോമസിന്‍റെ നായികയായി ഈച്ച, 'ലൗലി' ടീസർ

ഈച്ച മരിച്ചാൽ പ്രേതമാകുമോ? ഈച്ചക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ? തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ ചോദ്യങ്ങളുമായി 'ലൗലി' ടീസർ. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 3D ചിത്രം ഏപ്രിൽ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് നിർമിച്ച ചിത്രത്തിൽ ഈച്ചയാണ് നായിക.

ആനിമേറ്റഡ് കാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് കാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകുന്ന സൂചന.

'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിരുന്നു. വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കിരൺ ദാസ് ആണ്. 

Tags:    
News Summary - Mathew Thomas 'Lovely' teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.