സന്തോഷ് ടി. കുരുവിള
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. പ്രതീക്ഷിച്ച വിജയം സിനിമ നേടിയില്ലെന്നായിരുന്നു നിരൂപക പ്രതികരണം. എന്നാൽ മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് മരക്കാറെന്നും ഇതൊരു പരാജയമായിരുന്നില്ലെന്നുമാണ് സിനിമയുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ പ്രതികരണം.
'മരക്കാർ ഒരു പരാജയ സിനിമയല്ല, 89-92 കോടി രൂപ വരെ ചിലവായ പടമാണ്. മലയാളം ഇൻഡസ്ട്രിയിൽ അതിന് മുൻപ് 20 കോടിക്ക് മുകളിൽ ഒരു പടം വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ സിനിമക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണ് അപ്പോൾ ബജറ്റിന്റെ അഞ്ച് ശതമാനം പോലും നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ മരക്കാർ നഷ്ടമല്ല' -അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മോഹൻലാൽ ആണെന്നും സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ ഇവരൊക്കെ പ്രിയദർശൻ ആയി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് കുറച്ച് പൈസയെ വാങ്ങിയുള്ളൂവെന്നും ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി. കുരുവിള പറഞ്ഞു.
2021ൽ പുറത്തിറങ്ങിയ മരക്കാരിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒരുപാട് പ്രതീക്ഷകളുമായി പോയവർക്ക് ചിത്രമൊരു നിരാശ ആയിരുന്നുവെങ്കിലും മറ്റൊരുവിഭാഗം സിനിമയെ അനുകൂലിച്ചു. നിരവധി വിമർശനങ്ങൾ ആ സമയയത്ത് മോഹൻലാലിനും അണിയറപ്രവർത്തകർക്കും നേരിടേണ്ടി വന്നെങ്കിലും ചിത്രം മുടക്കുമുതൽ തിരിച്ച് പിടിച്ചിരുന്നു. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. സംഗീതം റോണി റാഫേല്‍.
1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തിയാണ് പ്രിയദർശനും മോഹൻലാലും സംവിധായകനും നടനുമായി ആദ്യമായി ഒന്നിച്ച ചിത്രം. അതിന് ശേഷം ഈ കൂട്ടുകെട്ടിൽ 44 ലേറെ ചിത്രങ്ങളാണ് പുറത്തുൂവന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് പ്രിയൻ ലാലു കോമ്പോ. മലയാള സിനിമയുടെ മുഖചിത്രമായ പല ചിത്രങ്ങളും ഈ കൂട്ടുകെട്ട് സമ്മാനിച്ചിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.