സിനിമ കാണാൻ തിയേറ്ററിൽ കുതിരപ്പുറത്ത് എത്തി ആരാധകൻ -വിഡിയോ വൈറൽ, മാർക്കറ്റിങ് തന്ത്രമെന്ന് കാഴ്ചക്കാർ

അഭിനേതാക്കളോടും സിനിമയോടുമുള്ള ഇഷ്ടം ആരാധകർ പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്. അത്തരത്തിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഛത്രപതി സംഭാജി മഹാരാജാവിന്‍റെ കഥ പറയുന്ന ചിത്രം കാണാൻ ആതേ വേഷം ധരിച്ച് എത്തിയ ഒരാൾ. നാഗ്പൂർ തിയേറ്ററിൽ കുതിരപ്പുറത്ത് സിനിമ കാണാൻ എത്തിയ വ്യക്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

സ്ക്രീനിനു മുന്നിൽ കുതിരപ്പുറത്ത് ഇരിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. തിയേറ്ററിനുള്ളിൽ ഭഷണപദാർഥങ്ങൾക്ക് പോലും അനുമതിയില്ലാത്തപ്പോൾ കുതിരക്ക് എങ്ങനെ അനുവാദം ലഭിച്ചു എന്ന് നിരവധി കാഴ്ചക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിയേറ്ററിനുള്ളിലെ കുതിര സിനിമയുടെ മാർക്കറ്റിങ് തന്ത്രമാണെന്ന അഭിപ്രായ പ്രകടനങ്ങളും കാഴ്ചക്കാർ നടത്തുന്നു.

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയായി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.

അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മികച്ച ഓപണിങ് ആണ് ഛാവയ്ക്ക് ലഭിച്ചത്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്നും 33 കോടിയും രൂപയും, ലോകമെമ്പാടുമായി 50 കോടി രൂപയും കളക്ഷൻ നേടിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവ സ്വന്തമാക്കി.

അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിച്ചത്. എ. ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

Tags:    
News Summary - Man arrives on horseback in Nagpur theatre for Vicky Kaushal's Chhaava, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.