മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒന്നിക്കാൻ പദ്ധതിയിടുന്നുവെന്നും മമ്മൂട്ടി തന്നെ നിർമ്മാതാവിന്റെ വേഷം ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. തിരക്കഥാ രചന പുരോഗമിക്കുമ്പോൾ, കേന്ദ്ര കഥാപാത്രത്തിന് മമ്മൂട്ടിയുടെ മുഖം മാത്രമാണ് തന്റെ മനസ്സിൽ വന്നത് എന്നും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമായിരിക്കുമെന്നും അടൂർ പറഞ്ഞു. ഇത് നാലാമത്തെ തവണയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്നത്. നിലവിൽ ബാക്കിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടൂർ വെളിപ്പെടുത്തിയിട്ടില്ല.
മമ്മൂട്ടി അടൂർ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രവും മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1987 ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിച്ചത്. പിന്നീട് മതിലുകൾ (1990), വിധേയൻ (1994) തുടങ്ങി അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കളങ്കാവലിന്‍റെ' പുതുക്കിയ റിലീസ് തീയതി കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ഒരു ഗംഭീര വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്ന നിഗമനത്തിലാണ് ചിത്രത്തിന്‍റെ ടീസർ കണ്ട പ്രേക്ഷകർ. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.
സിനിമയിൽ സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാഗർകോവിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. കളങ്കാവലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.