പദയാത്ര
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പദയാത്ര'. ഇതിനോടകംതന്നെ സിനിമാലോകത്ത് വലിയ ചർച്ചകൾ പദയാത്ര സൃഷ്ടിക്കുന്നുണ്ട്. ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാകും ചിത്രം ഒ.ടി.ടി റിലീസിനെത്തുക എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
കഥ, തിരക്കഥ, സംഭാഷണം എന്നിവ അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് നിർവഹിക്കുന്നത്. തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധാനം മീരസാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം പ്രവീൺ കുമാർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ് എന്നിവർ നിർവഹിക്കും.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനി തന്നെയാണ് പാക്ക് അപ്പ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. തിരക്കഥാ രചന പുരോഗമിക്കുമ്പോൾ, കേന്ദ്ര കഥാപാത്രത്തിന് മമ്മൂട്ടിയുടെ മുഖം മാത്രമാണ് തന്റെ മനസ്സിൽ വന്നത് എന്നും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമായിരിക്കുമെന്നും അടൂർ പറഞ്ഞിരുന്നു.
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. 1987ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. വിധേയൻ, മതിലുകൾ, തുടങ്ങിയ ക്ലാസിക്കുകൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭകളാണ് ഇരുവരും. മതിലുകളിൽ മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറിനെ വളരെ ആഴത്തിലും അവതരിപ്പിച്ചു. വിധേയനിലെ ഭാസ്‌കര പട്ടേലർ മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചു. സംസ്ഥാന അവാർഡും സിനിമക്ക് ലഭിച്ചിരുന്നു.
അടൂർ അവസാനമായി സംവിധാനം ചെയ്ത ചിത്രം 2016ൽ പുറത്തിറങ്ങിയ ദിലീപും കാവ്യ മാധവനും പ്രധാന വേഷങ്ങളിൽ എത്തിയ 'പിന്നെയും' എന്ന ചിത്രമായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.