കല്ല്യാണി പ്രിയദർശൻ

കാത്തിരിപ്പിന് വിരാമമിട്ട് ലോക ഒ.ടി.ടിയിൽ; എവിടെ കാണാം?

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.

കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റര്‍ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍.

പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അഞ്ച് മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും ലോകക്കാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന നേട്ടവും ലോകക്ക് തന്നെ. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക.

Tags:    
News Summary - Lokah Chapter 1 OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.