‘കത്തി താഴെയിടെടാ’.. മോഹൻലാൽ–തിലകൻ താരജോഡികൾ അഭിനയിച്ച 'കിരീടം' എന്ന ചിത്രത്തിലെ ഈ ഐക്കോണിക് സംഭാഷണവും, അതിന്റെ വൈകാരികമായ ക്ലൈമാക്സും ആർക്കാണ് മറക്കാനാവുക? ഇപ്പോഴിതാ മോഹൻലാലിന്‍റെ ഐക്കോണിക് ചിത്രമായ കിരീടം 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) പ്രദർശിപ്പിച്ചിരിക്കുകയാണ്. 4K ദൃശ്യമികവോടെയാണ് ചിത്രം സ്ക്രീനിങ് നടത്തിയത്. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ കിരീടം സിനിമയുടെ 35mm റിലീസ് പ്രിന്റിൽ നിന്നും റീമാസ്റ്റർ ചെയ്യുമെന്നും ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും മോഹൻലാൽ പറഞ്ഞു. എക്സിലൂടെയാണ് മോഹൻലാൽ നന്ദി അറിയിച്ചത്.
‘ഗോവയിൽ നടന്ന 56-ാമത് ഐ.എഫ്.എഫ്.ഐയിൽ പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായി അവതരിപ്പിച്ച കീരീടത്തിന്റെ 4K പതിപ്പിന്‍റെ ലോക പ്രീമിയർ നടക്കുന്നതിൽ സന്തോഷമുണ്ട്. 35mm റിലീസ് പ്രിന്റിൽ നിന്ന് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഈ ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചു. യഥാർത്ഥ കാമറ നെഗറ്റീവ് ജീർണിച്ചതിനുശേഷം പതിറ്റാണ്ടുകളായി ആർക്കൈവ് സംരക്ഷിച്ചു. അന്തിമ ഗ്രേഡിങ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്. കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു. ഈ ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്റെ കീഴിൽ കീരീടം പുനരുജ്ജീവിപ്പിക്കുന്നത് കാണുന്നത് സന്തോഷമാണ്. ഭാവി തലമുറകൾക്കായി ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഡിജിറ്റൽ, അനലോഗ് രൂപത്തിൽ സംരക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യക്ക് എന്റെ ആശംസകൾ’ മോഹൻലാൽ കുറിച്ചു.
‘ഒരു സിനിമ ജനങ്ങള്‍ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എത്രയോ സിനിമകള്‍ അതിന് ശേഷം എടുത്തിട്ടുണ്ടെങ്കിലും കിരീടത്തിന് ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്നു ചെങ്കോല്‍. പക്ഷെ ചെങ്കോലിന് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യത കിരീടത്തിന് ലഭിച്ചിരുന്നു. കിരീടം എന്ന സിനിമ അത്രമാത്രം ജനങ്ങളിലേക്ക് കയറിയിരുന്നു. ആ കഥാബിന്ദുവായിരുന്നു അതിന്റെ പ്രധാന കാരണം’ എന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ എന്‍.ഉണ്ണിക്കൃഷ്ണനും, ദിനേഷ് പണിക്കറും ഒരിക്കലൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് കിരീടം. ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങൾക്കൊണ്ട് എങ്ങനെ വഴിമാറിപ്പോകുന്നു എന്നതിന്റെ തീവ്രമായ ആവിഷ്കാരമാണ് ഈ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. തിലകൻ-മോഹൻലാൽ കോമ്പിനേഷൻ സീനാണ് ഏറെ ശ്രദ്ധ നേടിയത്. അച്ഛൻ-മകൻ ബന്ധത്തിലെ വൈകാരിക അടുപ്പവും, പിന്നീട് സാഹചര്യങ്ങൾ അവരെ അകറ്റുമ്പോൾ ഉണ്ടാകുന്ന വേദനയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'ഭരതം' ഉൾപ്പെടെയുള്ള ക്ലാസിക് ചിത്രങ്ങളുടെ ഫിലിം റെസ്റ്റോറേഷൻ നടപടികൾ പൂർത്തിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.