ശശികുമാറും സിമ്രാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൂറിസ്റ്റ് ഫാമിലി ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റികളുടെ ഒരു നീണ്ടനിര തന്നെയാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കന്നഡ താരം കിച്ച സുദീപയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം അടുത്തിടെ സിനിമ കാണുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.
'സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും പ്രകടനവും. തീർച്ചയായും എന്നെ എന്റെ ഇരിപ്പിടത്തിൽ തന്നെ പിടിച്ചിരുത്തിയത് നാഴികക്കല്ലായ കഥപറച്ചിലാണ്' എന്ന് അദ്ദേഹം സമൂഹമാധ്യ പോസ്റ്റിൽ എഴുതി. 'ഓരോ കഥാപാത്രത്തിനും അതിന്റേതായ ഇടവുമുണ്ട്, ഓരോ കഥാപാത്രത്തെയും അഭിനേതാക്കൾ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അതിശയകരമായ കാസ്റ്റിങ്. സംഗീതവും മികച്ചത്. എന്റെ സുഹൃത്ത് അഭിഷാൻ ജീവിന്തിന് ആശംസകൾ, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ'- കിച്ച കൂട്ടിച്ചേർത്തു.
കിച്ച സുദീപക്ക് മുമ്പ്, എസ്.എസ്. രാജമൗലി, രജനീകാന്ത്, സൂര്യ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചിത്രത്തെ പ്രശംസിക്കുകയും സംവിധായകനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യയിലേക്ക് എത്തുന്ന ശ്രീലങ്കൻ കുടുംബത്തിന്റെ കഥ പറയുന്ന കോമഡി ഡ്രാമയാണ് ടൂറിസ്റ്റ് ഫാമിലി.
മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.