കെ. മധു ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാന്‍

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷന് (കെ.എസ്.എഫ്.ഡി.സി) പുതിയ ചെയര്‍മാന്‍. കെ. മധുവിനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചത്. നിലവില്‍ കെ.എസ്.എഫ്.ഡി.സി ബോര്‍ഡ് അംഗമാണ് മധു. മുന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ച ഒഴിവിലാണ് മധുവിനെ നിയമിച്ചത്.

ഷാജി എൻ. കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ. മധു. 1986ല്‍ സംവിധാനം ചെയ്ത മലരും കിളിയുമാണ് മധുവിന്റെ ആദ്യ സിനിമ. ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 28നായിരുന്നു ഷാജി എന്‍. കരുണ്‍ അന്തരിച്ചത്. ഏപ്രിൽ 16ന്‌ കേരള സർക്കാറിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടിയായിരുന്നു അത്‌. സംസ്ഥാനത്തിന്റെ ആദരം ഏറ്റുവാങ്ങി രണ്ടാഴ്ച തികയും മുമ്പാണ്‌ അദ്ദേഹം വിട പറഞ്ഞത്.

മലയാള സിനിമയുടെ നിർമാണവും പ്രമോഷനും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1975ലാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിതമായത്. ചലച്ചിത്ര വികസനത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖല സംരംഭമാണിത്. കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന 11 തിയറ്ററുകളുള്ള ഒരു പ്രദർശന ശൃംഖലയും കോർപറേഷന്‍റെ ഉടമസ്ഥതയിലുണ്ട്.  

Tags:    
News Summary - Kerala State Film Development Corporation k madhu chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.