ഋഷഭ് ഷെട്ടി,  ജയറാം

ആരാധകരെ ആവേശത്തിരയിലാക്കി 'കാന്താര ' ട്രെയിലർ പുറത്ത്; പ്രധാന വേഷത്തിൽ ജയറാമും?

2022 സെപ്റ്റംബർ 30 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ കാന്താരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ്. കാന്താരയുടെ ആദ്യഭാഗത്തിന് വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചിടിക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കാറ്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താര രണ്ടാം ഭാഗത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യ ഭാഗം പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും രണ്ടാംഭാഗവും. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗ സാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുത് എന്നാണ് വിവരം. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.

ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ, യു.കെ, യു.എ.ഇ, ന്യൂസിലാൻഡ്, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, യു.എസ്.എ, കാനഡ, റഷ്യ, ബെലാറസ്, യുക്രൈയ്​ൻ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.

2022 സെപ്റ്റംബർ 30 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ചിത്രമെത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ പ്രാചീന കലാരൂപമായ ഭൂതക്കോലത്തിന്റെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും ചേര്‍ത്ത ചിത്രമായാണ് കാന്താര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

നായകനായ ശിവയായി ഗംഭീരപ്രകടനമാണ് ഋഷഭ് കാഴ്ചവെച്ചത്. 2022ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കാന്താരയിലൂടെ ഋഷഭ് സ്വന്തമാക്കിയിരുന്നു. ഋഷബ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ, അച്യുത് കുമാര്‍, കിഷോര്‍ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - Kantara chapter 1, trailer out now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.