'കാന്താര' കാണാൻ എത്തുന്നവർ മാംസാഹാരം കഴിക്കരുത്, മദ്യപിക്കരുത്...; വൈറൽ പോസ്റ്ററിൽ പ്രതികരിച്ച് ഋഷഭ് ഷെട്ടി

ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റർ 1' എന്ന ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 22നാണ് പുറത്തിറങ്ങിയത്. 'കാന്താര ചാപ്റ്റർ 1' കാണുന്നവർക്കുള്ള നിർദേശങ്ങൾ എന്ന തരത്തിൽ പ്രചരിച്ച പോസ്റ്റർ വൈറലായിരുന്നു. ഇപ്പോഴിതാ, വൈറൽ പോസ്റ്ററിൽ പ്രതികരിക്കുകയാണ് ഋഷഭ് ഷെട്ടി. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് താരം വ്യക്തമാക്കി.

ട്രെയിലർ റിലീസിന് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്റർ പ്രചരിക്കാൻ തുടങ്ങിയത്. 'കാന്താര ചാപ്റ്റർ 1' കാണാൻ വരുന്ന കാഴ്ചക്കാർ മൂന്ന് നിയമങ്ങൾ പാലിക്കണം: 1. മദ്യം കഴിക്കരുത്, 2. പുകവലിക്കരുത്, 3. മാംസാഹാരം കഴിക്കരുത്' എന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്റർ വൈറലായതോടെ, വിമർശനങ്ങൾ ഉയർന്നു. ഇതോടെയാണ് ഋഷഭ് ഷെട്ടിയുടെ ഭാഗത്തുനിന്ന് വിശദീകരണം വന്നത്.

'ഭക്ഷണം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ കാര്യമാണ്. അതിന് നിയമങ്ങൾ നിർദേശിക്കാൻ ആർക്കും അധികാരമില്ല. ആ പോസ്റ്ററിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞങ്ങൾക്ക് ഞെട്ടലായിരുന്നു. സിനിമയുടെ ജനപ്രീതിയിൽ സ്വയം ഉയർത്തിക്കാട്ടാൻ ചില ആളുകൾ നടത്തിയ പ്രവർത്തനമായിരുന്നു അത്. സിനിമയുമായി അതിന് യാതൊരു ബന്ധവുമില്ല' - ഋഷഭ് ഷെട്ടി വ്യക്തമാക്കി.

ഋഷഭ് ഷെട്ടിക്ക് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താരനിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപിന്‍റെ കാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥാന്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമിക്കുന്ന കാന്താര ചാപ്റ്റർ 1ന്‍റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിന്‍റെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്. 2022ൽ റിലീസായ 'കാന്താര' വൻ വിജയമായിരുന്നു. 'കാന്താര ചാപ്റ്റർ 1' ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തും.

Tags:    
News Summary - kantara chapter 1 rishab shetty breaks the silence on the controversial poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.