കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്; തീയതി പുറത്തുവിട്ട് അണിയറ​ പ്രവർത്തകർ

മേയ്ക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ​​ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരുമാസത്തിനകം ചി​ത്രം ഒ.ടി.ടിയിലെത്തുന്നുവെന്നതാണ് പ്രത്യേകത.

ആഗോളതലത്തിൽ 813 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. 2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രവും ഇതുതന്നെ. ഛാവയുടെ 807 കോടിയെന്ന റെക്കോഡാണ് കാന്താര ചാപ്റ്റർ1 തകർത്തത്. ഷൂട്ടിങ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വൻതുകക്ക് വിറ്റുപോയതായി റി​പ്പോർട്ടുകളുണ്ടായിരുന്നു.

ഒക്ടോബർ 31ന് കാന്താര ചാപ്റ്റർ1 ആമസോൺ പ്രൈമിൽ സ്ട്രീമിങ് ചെയ്യും. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ സുപ്രധാന സീനുകളടങ്ങിയ ട്രെയ്‍ലറും അവർ പങ്കുവെച്ചിട്ടുണ്ട്. കന്നഡക്ക് പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.

ഈ ലിസ്റ്റിൽ ഹിന്ദി ഇല്ലാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്താണ് ഹിന്ദി വേർഷൻ ഇറക്കാത്തത് എന്നാണ് പലരും ചോദിക്കുന്നത്. റിലീസ് ചെയ്ത് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ ചിത്രം ഒ.ടി.ടിയിലെത്തുന്നതിന്റെ വിസ്മയവും ചിലർ പങ്കുവെച്ചിട്ടുണ്ട്. പെട്ടെന്നായി പോയി എന്നായിരുന്നു പലരുടെയും കമന്റ്. 125 കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൻതുകക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ബെർമെ എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്നത്. കനകവതിയെന്ന കഥാപാത്രമാണ് രുക്മിണി. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, ബം​ഗാളി, ഇം​ഗ്ലീഷ് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2വിന്റെ സൂചന നൽകിയാണ് ചിത്രം അവസാനിക്കുന്നത്.

കദംബ രാജവംശത്തെ ആസ്പദമാക്കിയുള്ള കാന്താര ഒന്നാം അധ്യായത്തിൽ പഞ്ചുലൂരി ദൈവ, ഗുലിഗ, ചാവുണ്ടി തുടങ്ങിയ ഇതിഹാസങ്ങളുടെ പിന്നാമ്പുറ കഥയാണ് പറയുന്നത്. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം 2022ൽ ഹിറ്റായ കാന്താരയുടെ ഒരു പ്രീക്വൽ ആണ്. മനുഷ്യനും പ്രകൃതിയും വിശ്വാസവും തമ്മിലുള്ള പവിത്രമായ ബന്ധത്തെ ആഘോഷിക്കുന്ന ചിത്രമാണിതെന്ന് ഋഷഭ് പറഞ്ഞിരുന്നു.  

Tags:    
News Summary - Kantara Chapter 1 OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.