തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കണ്ണപ്പ'. മോഹൻലാലും സിനിമയിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ വി.എഫ്.എക്സ് അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയിരിക്കുകയാണ്. ഹാർഡ് ഡ്രൈവ് മുംബൈയിലെ ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് ഡ്രൈവ് ഓഫീസ് ബോയ് രഘു കൈ പറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ നിർമാതാവ് ഫിലിം നഗർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നേരത്തെ സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോർന്നിരുന്നു. ഇതും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ.വി.എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.