മമ്മൂട്ടിയുടെ തിരിച്ച് വരവിന് കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത. ഒരിടവേളക്കുശേഷം തിരിച്ച് മമ്മൂട്ടി സ്ക്രീനിലെത്തുന്ന കളങ്കാവലിന്‍റെ ടീസർ പുറത്തിറങ്ങി. 50 സെക്കന്‍റ് ഉള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ നിർമിക്കുന്ന ലോക ചിത്രത്തിനൊപ്പമാണ് കളങ്കാവലിന്‍റെ ടീസർ ഇറക്കിയത്. യൂടൂബിലും ലഭ്യമാണ്.
ടീസറിൽ തന്നെ മികച്ച പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടി നൽകുന്നത്. മമ്മൂട്ടിയുടെ നിൽപ്പും നോട്ടവുമെല്ലാം ഒരു ഗംഭീര വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്ന നിഗമനത്തിലാണ് പ്രേക്ഷകർ. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ.കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.
സിനിമയിൽ സ്റ്റാൻലി ദാസെന്ന സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. മറ്റൊരു നിർണായക വേഷം ചെയ്യുന്നത് ജിബിൻ ഗോപിനാഥാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ നാഗർകോവിൽ ആണ്. ഈ വർഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ പരാജയമായിരുന്നതിനാൽ കളങ്കാവലിനായി ആകാംഷയോടെ നോക്കി ഇരിക്കുകകയാണ് മമ്മൂട്ടി ആരാധകർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‍ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.