കൊച്ചി: സുരേഷ് ഗോപി നായകനായ ചിത്രം 'ജാനകി വി/എസ് സ്റ്റേറ്റ് ഓഫ് കേരള' (ജെ.എസ്.കെ)ക്ക് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ ഫെഫ്ക (ഫിലിം എംേപ്ലായീസ് ഫെഡറേഷൻ ഓഫ് കേരള) പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമയുടെ പേര് മാത്രമല്ല ജാനകി എന്ന കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. വളരെ ഗുരുതരമായ പ്രശ്നമാണിത്. സിനിമക്ക് പേര് ഇടാൻ പറ്റില്ലേ? എങ്ങോട്ടാണ് നമ്മൾ പോകുന്നത്? കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കുമെന്നും തനിക്ക് സ്വന്തം പേര് പോലും സിനിമയിൽ ഉപയോഗിക്കാൻ പറ്റില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ സെൻസർ ബോർഡ് കണ്ട് ഒരു കട്ട് പോലും പറയാത്ത സിനിമയാണിത്. ചിത്രത്തിലെ 96 സ്ഥലത്താണ് ജാനകി എന്ന പേര് സുരേഷ് ഗോപി മാത്രം പറയുന്നത്. ഇത് എങ്ങനെയാണ് മാറ്റുക? സുരേഷ് ഗോപിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇടപെട്ടിട്ടും മാറ്റമില്ലെന്നാണ് പറഞ്ഞത്. വിഷയത്തിൽ സംവിധായകനോട് നിയമപരമായി നീങ്ങാൻ നിർദേശിച്ചു.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി വി/എസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാമനുമതി നിഷേധിച്ചത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്. വെള്ളിയാഴ്ച നിശ്ചയിച്ച സിനിമയുടെ റിലീസ് വൈകുമെന്ന് സംവിധായകൻ പ്രവീൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.