ബാർ മുതലാളിമാരോട് കാണിച്ച സന്മനസ്സെങ്കിലും തിയറ്റർ ഉടമകളോട് കാണിച്ചുകൂടേ? ജോയ് മാത്യു

കോഴിക്കോട്: സിനിമാ തിയറ്റര്‍ മുതലാളിമാര്‍ ബാര്‍ ഉടമകളെ കണ്ട് പഠിക്കണമെന്ന് ജോയ് മാത്യു. ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും സിനിമാ തിയറ്ററുകള്‍ തുറക്കാത്തതിനെ പരിഹസിച്ചാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്.

ബാർ മുതലാളിമാരോട് കാണിച്ച സന്മനസെങ്കിലും തിയറ്റർ ഉടമകളോട് കാണിച്ചുകൂടേ എന്നും ജോയ് മാത്യു ചോദിച്ചു. ബാർ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി അവർ എങ്ങനെ സംഘടിപ്പിച്ചു? അതിനുവേണ്ട കഴിവില്ലാത്തവരാണ് തിയറ്റർ സംഘടന തലപ്പത്ത് ഇരിക്കുന്നതെന്നും സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം? എന്ന് തുടങ്ങുന്ന പോസ്റ്റിൽ ജോയ്മാത്യു ചോദിക്കുന്നു.

വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാമെന്ന് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം ?

കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും അടച്ചു. വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയിരിക്കുന്നു.വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി.

എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം ?തമിഴ് നാട്ടിലും കര്‍ണാടകയിലും തിയറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാന്‍ കഴിയാതിരുന്ന ബാര്‍ മുതലാളിമാര്‍ക്ക് അമിത വിലയില്‍ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാന്‍ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റര്‍ നടത്തിപ്പുകാരോട് കാണിച്ചുകൂടെ?

വിനോദ നികുതിയിനത്തില്‍ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികള്‍ മറന്നുപോയോ? സിനിമാ സംഘടനകള്‍ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവര്‍ അതില്‍ ആരുമില്ലെന്നോ? ഇനിയെങ്കിലും മനസ്സിലാക്കുക ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത്. എങ്ങിനെയാണ് അവര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി സംഘടിപ്പിച്ചത്? ഇതെങ്ങിനെ സാധിച്ചെടുത്തു? ഇതിന്റെ ഗുട്ടന്‍സ് എന്താണ്? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?

Tags:    
News Summary - Joy mathew criticises theatre owners association for not opening cinema theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.