വിജയ് ട്രെയിലറിൽ
ദളപതി വിജയുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനനായകൻ. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിജയ്യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെയാണ് നേരത്തെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തിറങ്ങിയിരുന്നത്. ജനുവരി 9ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലർ ഇന്നലെയാണ് പുറത്തുവന്നത്. എന്നാൽ ട്രെയിലറിനു പിന്നാലെ കടുത്ത വിമർശനങ്ങളാണ് ചിത്രം നേടുന്നത്.
മുമ്പ് ചിത്രത്തിന്‍റേതായി പുറത്തുവന്ന ചില ഭാഗങ്ങൾക്ക് നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുമായി സാമ്യമുണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ട്രെയിലർ ഒരേ കഥാ പാശ്ചാത്തലമാണ് ഇരു സിനിമയുടേതുമെന്ന സൂചനയാണ് നൽകുന്നത്. 'റീമേക്ക് ആണോ, പകുതി റീമേക്കാണോ, എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇതൊരു ദളപതി ചിത്രമാണ്' എന്നാണ് സംവിധാകൻ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നത്.
'ഒരോ സീനും ഡയലോഗും കഥാമുഹൂർത്തങ്ങളും ഭഗവന്ത് കേസരിയുടേതുതന്നെ, ചില ഭാഗങ്ങൾ പുതുതായി ഉൾക്കൊള്ളിച്ചു എന്ന വ്യത്യാസം മാത്രം' എന്നായിരുന്നു ഒരു ആരാധകൻ പങ്കുവെച്ച കമന്‍റ്. എന്നാൽ ദളപതിയുടെ അവസാന ചിത്രം ഒരു റീമേക്ക് ആക്കേണ്ടായിരുന്നു എന്നാണ് മറ്റൊരു ആരാധകന്‍റെ അഭിപ്രായം. സിനിമയിലെ മമിതയുടെ ക്യാരക്ടർ ഭഗവന്ത് കേസരിയിൽ ശ്രീലീല അവതരിപ്പിച്ച കഥാപാത്രവുമായി നല്ല സാമ്യമുണ്ട്. ട്രെയിലറിലെ സീനുകളും ഭഗവന്ത് കേസരിയിലെ ഷോർട്ടുകളും തമ്മിൽ താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം നേടിയ പല റെക്കോഡുകളും ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്നാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.