ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)യുടെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫിസിലാണ് ചിത്രം സമര്‍പ്പിക്കുക. പേരിനെച്ചൊല്ലി വിവാദമായ ‘ജെ.എസ്.കെ’ സിനിമയുടെ സബ് ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേർത്താൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇത് നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു.
കോടതിരംഗങ്ങളിൽ ജാനകി എന്ന പേര് ഉച്ചരിക്കുന്നിടങ്ങളിൽ ശബ്ദമില്ലാതാക്കാമെന്നും (മ്യൂട്ട് ചെയ്യാൻ) ഹരജിക്കാർ കോടതിയിൽ അറിയിച്ചു. ഇത്തരത്തിൽ മാറ്റംവരുത്തി സമർപ്പിച്ചാൽ മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർ ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ഹരജി ജൂലൈ 16ന് വീണ്ടും പരിഗണിക്കും. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ ആണ് കോടതിയെ സമീപിച്ചത്.
ബുധനാഴ്ച രാവിലെ ഹരജി പരിഗണിക്കവേ, ജാനകി എന്ന പേരിന്റെ ആദ്യമോ അവസാനമോ വിദ്യാധരൻ എന്ന പേരിന്റെ ചുരുക്കെഴുത്തായ ‘വി’ ചേർക്കണമെന്നും കോടതി രംഗങ്ങളിൽ പേര് നിശബ്ദമാക്കണമെന്നുമുള്ള വിചിത്ര നിർദേശങ്ങൾ സെൻസർ ബോർഡ് മുന്നോട്ടുവെക്കുകയായിരുന്നു. കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാമെങ്കിലും പേര് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് നിർമാതാക്കൾ അറിയിച്ചു.
സിനിമയുടെ തുടക്കത്തിൽ ‘മതപരമായി പ്രാധാന്യമുള്ള ജാനകിയെന്ന പേരുമായി കഥാപാത്രത്തിന് ബന്ധമില്ല’ എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോയെന്ന് കോടതിയും ആരാഞ്ഞു. എന്നാൽ, പേര് മാറ്റം ഒഴിവാക്കാനാവില്ലെന്ന നിലപാടിൽ സെൻസർ ബോർഡിന്റെ അഭിഭാഷകൻ ഉറച്ചുനിന്നു. തുടർന്ന് ഹരജി പരിഗണിച്ചപ്പോഴാണ് മാറ്റങ്ങൾക്ക് തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചത്.
സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകൻ. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരിലും കഥാനായികയുടെ പേരിലും ജാനകി പേര് വന്നതാണ് വിവാദത്തിന് കാരണമായത്. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.