എ സർട്ടിഫിക്കറ്റ് ലംഘിച്ച് കുട്ടികളുമായെത്തി; ചെന്നൈയിൽ വിജയിയുടെ 'ജന നായകൻ' ഷോകൾ തടസ്സപ്പെട്ടു

കാത്തിരിപ്പിനൊടുവിൽ എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ജന നായകൻ' ജൂലൈ 23നാണ് തിയറ്ററുകളിലെത്തിയത്. വിജയിയുടെ അവസാന ചിത്രമെന്ന നിലയിൽ വൻ ആവേശത്തോടെയാണ് ആരാധകർ സിനിമയെ വരവേറ്റത്.  എന്നാൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. ഇത് അവഗണിച്ച് മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി തിയറ്ററുകളിലെത്തിയത് ചെന്നൈയിലുടനീളം ഷോകൾ വൈകാനും ചിലത് റദ്ദാക്കപ്പെടാനും ഇടയാക്കി. കുട്ടികളെ തിയറ്ററിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ആരാധകരും തിയേറ്റർ മാനേജ്‌മെന്റും തമ്മിൽ പലയിടത്തും വാക്കേറ്റവും തർക്കങ്ങളും ഉടലെടുത്തു.

ചെന്നൈയിലെ പി.വി.ആർ ആംപ മാളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ആളുകൾ എത്തിയതിനെത്തുടർന്ന് 'ജന നായകന്റെ' ഷോ ഏകദേശം ഒരു മണിക്കൂറോളമാണ് വൈകിയത്. തിയറ്റർ അധികൃതരും കുട്ടികളുമായി വന്ന മാതാപിതാക്കളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകാമെന്ന്മാനേജ്‌മെന്റ് ഉറപ്പുനൽകിയ ശേഷമാണ് തർക്കം പരിഹരിക്കപ്പെട്ടത്. പൊലീസെത്തി പ്രായപൂർത്തിയാകാത്ത കുട്ടികളുമായി എത്തിയവരോട് തിയറ്ററിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

ടിക്കറ്റ് തുക തിരികെ നൽകുന്നതിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. കൈക്കുഞ്ഞുങ്ങളുമായും ചെറിയ കുട്ടികളുമായും എത്തിയ നൂറുകണക്കിന് ആളുകൾ ടിക്കറ്റ് റീഫണ്ടിനായി ബോക്‌സ് ഓഫീസ് കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൾട്ടിപ്ലെക്‌സുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ മാതാപിതാക്കളുടെ നിലപാടിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്. തിയറ്ററുകൾ നിയമം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ചിത്രത്തിന് എ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും എന്തിനാണ് മാതാപിതാക്കൾ കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നത്? സെൻസർ ബോർഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ തിയറ്ററിന്റെ ലൈസൻസ് വരെ റദ്ദാക്കപ്പെടും. മുതിർന്നവർക്ക് മാത്രമുള്ള സിനിമയാണെന്ന് അറിഞ്ഞിട്ടും ജീവനക്കാരോട് കയർത്തു സംസാരിക്കുകയും തർക്കിക്കുകയും ചെയ്യുന്നത് കഷ്ടമാണ് എന്നിങ്ങനെ പോകുന്നു സോഷ്യൽമീഡിയ കമന്‍റുകൾ. 

മമിത ബൈജു, പൂജ ഹെഗ്ഡെ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന വിജയ് ചിത്രം കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ മൾട്ടിപ്ലെക്‌സുകൾ എസർട്ടിഫിക്കറ്റ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ, കുട്ടികളുമായി തിയറ്ററുകളിലെത്തുന്ന കുടുംബങ്ങൾക്ക് നിരാശയോടെ മടങ്ങേണ്ടി വരികയാണ്.

Tags:    
News Summary - Jana Nayagan Shows Halted in Chennai Over 'A' Certificate Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.