വിജയ് നായകനായ ജനനായകന് യു.എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ, സെൻസർ ബോർഡ് അപ്പീലിന് പോകുമെന്നാണ് വിവരം. വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാതെ വന്നതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോർഡിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ ഹാജരായി.
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിർമാതാക്കളെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സി.ബി.എഫ്.സിയുടെ മറുപടി. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യവുമില്ലെന്ന് സി.ബി.എഫ്.സി വാദിച്ചു.
പരിശോധന സമിതി ചിത്രത്തിന് സർട്ടിഫിക്കേഷനായി അനുമതി നൽകിക്കഴിഞ്ഞാൽ ബോർഡിന് അത് പിന്നീട് റിവൈസിങ് കമ്മിറ്റിക്ക് അയക്കാൻ കഴിയില്ലെന്നും നിർമാതാവ് വാദിച്ചു. ഇതിന് മറുപടിയായി, ചിത്രം ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി ലഭിച്ചതായി സി.ബി.എഫ്.സി അറിയിച്ചു. പ്രതിരോധ സേനയുടെ ചില ചിഹ്നങ്ങൾ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഈ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചതെന്നും അവർ വാദിച്ചു.
'തികച്ചും ഹൃദയവേദനയോടെയാണ് ഈ വിവരം അറിയിക്കുന്നത്. ജനുവരി ഒമ്പതിന് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു' എന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതുവരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.