മുൻകൂർ ബുക്കിങ്ങിൽ 45 കോടി; 'ജനനായകൻ' റിലീസ് വൈകിയാൽ വിറ്റുപോയ ടിക്കറ്റുകൾക്ക് എന്ത് സംഭവിക്കും?

വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ ജനനായകൻ സെൻസർ കുരിക്കിലാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒമ്പതിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈകോടതിയിൽ സെൻസറിങ് വൈകുന്നതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇന്ന് (ജനുവരി 7) വാദം കേട്ടെങ്കിലും അന്തിമ വിധി ഒമ്പതാം തീയതി മാത്രമേ അറിയാൻ സാധിക്കൂ.

ആദ്യ ദിവസം തന്നെ സിനിമ കാണാൻ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്ത ആരാധകർ ഈ വിവരം അറിഞ്ഞതോടെ നിരാശയിലാണ്. ആഗോളതലത്തിൽ 45 കോടി രൂപയാണ് മുൻകൂർ ബുക്കിങ്ങിലൂടെ ജനനായകൻ നേടിയത്. ജനുവരി ഒമ്പതിന് ജനനായകൻ റിലീസ് ചെയ്തില്ലെങ്കിൽ വിറ്റുപോയ ടിക്കറ്റുകൾക്ക് എന്ത് സംഭവിക്കും? എന്നതാണ് ഇപ്പോഴത്തെ ചർച്ച. എന്നാൽ ആ ആശങ്കക്ക് മറുപടി നൽകിയിരിക്കുകയാണ് ഡി.എൻ.സി തിയറ്റർ ഉടമകൾ. ഡി.എൻ.സി തിയറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും പൂർണമായ റീഫണ്ട് ലഭിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.

'സെൻസർ സർട്ടിഫിക്കറ്റ് പ്രശ്നം കാരണം ജനനായകൻ വൈകിയേക്കാമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. സിനിമയുടെ റിലീസ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്താൽ, ഡി.എൻ.സി തിയറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും പൂർണമായ റീഫണ്ട് ലഭിക്കും. നിങ്ങളുടെ ക്ഷമക്ക് നന്ദി'- ഡി.എൻ.സി തിയറ്റർ അറിയിച്ചു.

2013ൽ വിജയ്‌യുടെ തലൈവ സമാനമായ ഒരു വിവാദത്തിൽ നേരിടുകയും ഒടുവിൽ തമിഴ്‌നാട് ഒഴികെ എല്ലായിടത്തും ആദ്യം നിശ്ചയിച്ച തീയതിയിൽ തന്നെ റിലീസ് ചെയ്യുകയും ചെയ്തു. തമിഴ്‌നാട്ടിൽ, ചിത്രം രണ്ടാഴ്ച കഴിഞ്ഞാണ് റിലീസ് ചെയ്തത്. എന്നാൽ ജനനായകന്റെ കാര്യത്തിൽ ഈ സാഹചര്യം ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.  

Tags:    
News Summary - Jana Nayagan advance booking update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.