രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ജയിലർ 2 എന്ന ചിത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. സൂപ്പർസ്റ്റാർ വീണ്ടും ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്‍റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ രജനീകാന്ത് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
ജയിലർ 2 2026 ജൂൺ 12ന് റിലീസ് ചെയ്യുമെന്ന് രജനീകാന്ത് സ്ഥിരീകരിച്ചതായാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ ഒരു പ്രധാന ഷൂട്ടിങ് ഷെഡ്യൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് സംസാരിച്ചപ്പോഴാണ് രജനീകാന്ത് ചിത്രത്തിന്‍റെ റിലീസ് തീയതി വെളിപ്പെടുത്തിയത്.
'ജയിലർ 2 2026 ജൂൺ 12ന് റിലീസ് ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഷൂട്ടിങ് വളരെ നന്നായി പുരോഗമിക്കുന്നു' -അദ്ദേഹം പറഞ്ഞു. 2025 ഡിസംബറിലോ 2026 ജനുവരിയിലോ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രജനീകാന്ത് പറഞ്ഞ തീയതിയിലാണ് ചിത്രം റിലീസ് എങ്കിൽ പോസ്റ്റ്-പ്രൊഡക്ഷന് ധാരാളം സമയം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.