ഗാന്ധിയൻ ആശയങ്ങളും കുടുംബബന്ധങ്ങളിലെ വിള്ളലുകളും; ഗാന്ധിജയന്തി ദിനത്തിൽ വേണു നായരുടെ ‘ഇഴകൾക്കപ്പുറം’ തിയറ്ററുകളിലേക്ക്

വ്യക്തിപരമായ ഉറച്ച നിലപാടുകൾ കുടുംബബന്ധങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും ഉണ്ടാക്കുന്ന ആഴത്തിലുള്ള സംഘർഷങ്ങളെ പ്രമേയമാക്കി വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം 'ഇഴകൾക്കപ്പുറം' ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ പ്രദർശനത്തിനെത്തുന്നു. ഒരു വ്യക്തിയുടെ കടുംപിടുത്തങ്ങൾ അയാളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ചുറ്റുമുള്ളവരിലേക്കും സമൂഹത്തിന്റെ ധാർമിക അടിത്തറയിലേക്കും പടരുമ്പോൾ ഉണ്ടാകുന്ന സങ്കീർണ്ണമായ മുറിവുകളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഗാന്ധിയൻ ആദർശങ്ങളെ ജീവിതമായി കാണുന്ന ഡോ. ആനന്ദ് ശിവന്റെയും, ഗാന്ധിയുടെ നിലപാടുകളോട് കടുത്ത ചോദ്യങ്ങളുമായി രംഗത്തുവരുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാർത്തിയുടെയും വൈകാരികവും ആശയപരവുമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒപ്പം ആനന്ദിന്റെ വിശ്വസ്തനായ ജഗദീഷിന്റെ നിശ്ശബ്‌ദ മാറ്റങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നുണ്ട്.

ചിത്രത്തിൽ ദിനേശ് പണിക്കർ ഡോ. ആനന്ദ് ശിവനായി വേഷമിടുമ്പോൾ, മകൾ കാർത്തിയായെത്തുന്നത് ഗൗതമിയാണ്. ജഗദീഷായി വഞ്ചിയൂർ പ്രവീൺകുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

വേണു നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു നായർ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിജോ ജോണി ചെറുവത്തൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ ഛായാഗ്രഹണം പുഷ്പൻ ദിവാകരനും എഡിറ്റിംഗ് പ്രദീപ് ചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും സംവിധായകൻ വേണു നായർ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീ ലക്ഷ്മണാചാര്യയുടെ വരികൾക്ക് സരിത രാജീവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കല - അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന - വി എൻ, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുൺകുമാർ എം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അരുൺ നായർ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കുടുംബ പ്രേക്ഷകരെയും ഒപ്പം ചിന്തിപ്പിക്കുന്ന സിനിമകളെ സ്നേഹിക്കുന്നവരെയും ഒരുപോലെ തിയേറ്ററുകളിലെത്തിക്കാൻ പോന്ന ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും 'ഇഴകൾക്കപ്പുറം' എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


Tags:    
News Summary - R

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.