'ഇന്ത്യയുടെ മിസൈൽ മാൻ' സ്ക്രീനിലേക്ക്; കലാമായി ധനുഷ്

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയും ഇന്ത്യൻ മിസൈൽ മാനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജീവിതം സിനിമയാകുന്നു. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാമായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. 'കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ', എന്നാണ് ചിത്രത്തിന്റെ പേര്.

ടി-സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഭൂഷൺ കുമാറും കൃഷൻ കുമാറും അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീർജ, മൈദാൻ, പർമാണു: ദി സ്റ്റോറി ഓഫ് പൊഖ്‌റാൻ എന്നീ ജീവചരിത്ര സിനിമകൾ രചിച്ച സൈവിൻ ക്വാഡ്രാസാണ് തിരക്കഥ. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

'രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക് ഒരു ഇതിഹാസത്തിന്‍റെ യാത്ര ആരംഭിക്കുന്നു. ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക്, വലിയ സ്വപ്നം', എന്നാണ് ഓം സിനിമയെ കുറിച്ച് പറഞ്ഞത്. പ്രഭാസ് നായകനായി എത്തിയ ആദിപുരുഷിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ.

അബ്ദുൾ കലാമിന്റെ ജീവിതം ദശലക്ഷക്കണക്കിന് തലമുറകളെ പ്രചോദിപ്പിക്കുന്ന കഥയാണ്. ടി-സീരീസിൽ, അത്തരമൊരു അസാധാരണ മനുഷ്യന്‍റെ യാത്ര ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഓം റൗട്ടുമായുള്ള ഞങ്ങളുടെ മൂന്നാമത്തെ സഹകരണമാണിത്. ഒരു സിനിമ എന്നതിലുപരി, സ്വപ്നങ്ങൾ, സമർപ്പണം, വിനയം എന്നിവ രാജ്യത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുമെന്ന് നമുക്ക് കാണിച്ചുതന്ന ഒരു വ്യക്തിക്കുള്ള ആദരം കൂടിയാണിത് നിർമാതാവ് ഭൂഷൺ കുമാർ പറഞ്ഞു. 

Tags:    
News Summary - 'India's Missile Man' to hit the screen; Dhanush as Kalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.