പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീക്വൽ ആയ കാന്താര ചാപ്റ്റർ 1 റിലീസ് ഡേറ്റ് അടുത്തിരിക്കുന്ന ആവേശത്തിലാണ് ആരാധകർ. 2025 ഒക്ടോബർ 2 ന് 6000ത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. ഹോംബാലെ ഫിലിംസിന്റെ കീഴിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്ന് നിർമിക്കുന്ന ഈ ഗ്രാമീണ ആക്ഷൻ ത്രില്ലർ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്യും. ആദ്യ ചിത്രത്തിലൂടെ തന്നെ നടനായും സംവിധായകനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഋഷഭ് ഷെട്ടി പ്രീക്വലിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇപ്പോഴിതാ താരത്തിന്‍റെ പ്രതിഫലത്തെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ച.
അഭിനയത്തിനോ സംവിധാനത്തിനോ ഒരു രൂപ പോലും ഋഷഭ് വാങ്ങിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വരുമാനം ചിത്രം റിലീസിന് ശേഷം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ സ്വന്തം പണവും അദ്ദേഹം സിനിമയിൽ നിക്ഷേപിച്ചിട്ടുണ്ട്. 125 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ സിനിമാറ്റിക് ഇവന്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
2022ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. കൂടാതെ ഹോംബലെ ഫിലിംസ് പുറത്ത് വിട്ട ഷൂട്ടിങ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 മില്യൺ ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര ചാപ്റ്റർ 1ലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
ഋഷഭ് ഷെട്ടിക്ക് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താരനിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപിന്‍റെ കാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥാന്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും. ഐമാക്സ് സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന് ഉറപ്പാണ്. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമാണകമ്പനിയും ഒരുമിക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ഐമാക്സ് അനുഭവങ്ങളിലൊന്നാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.