ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. ലോസ് ഏഞ്ചൽസില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

1984-ൽ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് കിൽമർ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ടോപ്പ് ഗൺ, റിയൽ ജീനിയസ്, വില്ലോ, ഹീറ്റ്, ദി സെയിന്റ് എന്നിവ കിൽമറിന്‍റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. 90കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട കിൽമറിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ 3.7 ബില്യൺ ഡോളറിലധികം വരുമാനമാണ് നേടിയത്.

1991ൽ ഒലിവർ സ്റ്റോണിന്റെ 'ദി ഡോർസ്' എന്ന സിനിമയിലെ ഗായകൻ ജിം മോറിസൺ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. നിർമാണത്തിന് ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹം മോറിസണിന്റേതുപോലുള്ള വസ്ത്രങ്ങൾ ധരിച്ച് സൺസെറ്റ് സ്ട്രിപ്പിലെ മോറിസന്റെ പഴയ ഹാംഗ്ഔട്ടുകളിൽ കിൽമർ സമയം ചെലവഴിച്ചു. മോറിസണിന്റെ ശബ്ദം പോലും കിൽമർ അനുകരിച്ചിരുന്നു.

1995ലെ 'ബാറ്റ്മാൻ ഫോറെവർ' എന്ന സിനിമയിൽ മൈക്കൽ കീറ്റണിന് പകരക്കാരനായി കിൽമർ ബാറ്റ്മാനായി എത്തി. പിന്നീട് 1997ൽ പുറത്തിറങ്ങിയ 'ബാറ്റ്മാൻ ആൻഡ് റോബിൻ' എന്ന സിനിമയിൽ ജോർജ്ജ് ക്ലൂണിക്കായി അഭിനയിച്ചു. കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2021ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ കിൽമർ തിരിച്ചുവന്നു. ആ വർഷം അവസാനം കിൽമറിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെന്ററി 'വാൽ' പുറത്തിറങ്ങിയിരുന്നു.

Tags:    
News Summary - Hollywood actor Val Kilmer passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.