റിലീസിനു മുമ്പേ റെക്കോഡിട്ട് ഷാരൂഖ് ചിത്രം കിങ്; വിദേശ അവകാശം വിറ്റത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക്
ദക്ഷിണേന്ത്യൻ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇന്ത്യൻ സിനിമാ വിപണി കീഴടക്കുമ്പോഴും വിദേശ വിപണിയിൽ താൻ തന്നെയാണ് കിങ് എന്ന് വീണ്ടും തെളിയിക്കുകയാണ് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിങ് റിലീസിന് മുമ്പ് തന്നെ ആഗോളതലത്തിൽ വൻ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ വിദേശ തിയേറ്റർ വിതരണ അവകാശം പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിംസ് 175 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിന്റെ വിദേശ അവകാശവും 100 കോടി രൂപ കടന്നിട്ടില്ലെന്നിരിക്കെയാണ് ഈ അപൂർവ നേട്ടം.
മുമ്പ് യഷ് രാജ് ഫിലിംസ് വിതരണം ചെയ്ത ഷാറൂഖ് ചിത്രങ്ങളായ പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾ വിദേശത്ത് വൻ വിജയമായിരുന്നു. YRFനൊപ്പം സഹകരിച്ചും പ്രഭാസിന്റെ സാഹോ ഒറ്റക്ക് വിതരണം ചെയ്തും ശ്രദ്ധേയരായ ഫാർസ് ഫിലിംസിന് വിദേശ വിപണിയിൽ വലിയ പരിചയസമ്പത്തുണ്ട്.
വിദേശത്തെ വിതരണ രീതി അനുസരിച്ച് ടിക്കറ്റ് കളക്ഷൻ തുകയുടെ 50 ശതമാനത്തോളം മാത്രമാണ് വിതരണക്കാർക്ക് ലഭിക്കുക. അതിനാൽ തന്നെ നൽകിയ 175 കോടി രൂപ ലാഭകരമാക്കണമെങ്കിൽ ചിത്രം വിദേശത്തുനിന്ന് മാത്രം 37-40 ദശലക്ഷം ഡോളർ തിയേറ്റർ ഗ്രാസ് സ്വന്തമാക്കേണ്ടതുണ്ട്. ഷാറൂഖിന്റെ മുൻ ചിത്രങ്ങളായ പത്താൻ, ജവാൻ എന്നിവ വിദേശത്ത് നിന്ന് 400 കോടി രൂപയോളം കളക്റ്റ് ചെയ്തിരുന്നു.
സിദ്ധാർത്ഥ് ആനന്ദ് പത്താനുശേഷം ഷാരൂഖ് ഖാനുമായി ഒന്നിക്കുന്ന ചിത്രമാണ് കിങ്. ഷാരൂഖിനെ കൂടാതെ സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജയ്ദീപ് അഹ്‌ലാവത്, രാഘവ് ജുയാൽ, സൗരഭ് ശുക്ല എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മകൾ സുഹാന ഖാനൊപ്പം ഷാറൂഖ് ഖാൻ ആദ്യമായി ഒന്നിക്കുന്ന ബിഗ് സ്‌ക്രീൻ ചിത്രമാണിത്. ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.