എം.ജി.ആറിന്റെ ജീവിതം സിനിമയാകുന്നു; ജലയളിതയായി തൃഷ അഭിനയിച്ചേക്കും
തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഇതിഹാസതാരവുമായിരുന്ന എം.ജി.ആറിന്റെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമയിൽ ജയലളിതയുടെ കഥാപാത്രം നടി തൃഷ അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ട്. നടൻ ജെ.എം. ബഷീർ എം.ജി.ആറായി അഭിനയിക്കുന്ന 'പുരട്ചി തലൈവർ എം.ജി.ആർ' എന്ന സിനിമയിലേക്കാണ് നടിയെ പരിഗണിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് ജെ.എം. ബഷീറിനെ ഉദ്ധരിച്ച് ഒരു തമിഴ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ചിത്രത്തിൽ ജയലളിതയുടെ കഥാപാത്രം ചെയ്യുന്നതിനായി തൃഷയുമായി ചർച്ചകൾ നടന്നുവരികയാണെന്നും ബഷീർ പറയുന്നു. ജയലളിതയായി തൃഷയെ പരിഗണിച്ചതും നടൻ തന്നെയാണ്. തൃഷ അഭിനയിക്കുകയാണെങ്കിൽ നന്നാവുമെന്നാണ് താരത്തിന്റെ അഭിപ്രായം. തന്റെ മകളും തൃഷയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും ബഷീർ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും ചെന്നൈ രാമപുരത്ത് വച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകനെയും സംഗീതസംവിധായകനെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ രാഷ്ട്രീയനേതാക്കളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എം.ജി.ആറിന്റെ സിനിമാ, രാഷ്ട്രീയ ജീവിതമാണ് സിനിമയുടെ പ്രമേയം. അതേസമയം ഇക്കാര്യത്തിൽ നടി തൃഷ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ എം.ജി.ആറിന്റെ ജീവിതം പറയുന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ജയലളിതയുടെ കഥാപാത്രം തിരഞ്ഞെടുക്കുമെന്ന് 2017ൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി തൃഷ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.