അഹമ്മദാബാദ്: അമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം മഹാരാജയുടെ റിലീസ് തടഞ്ഞ് ഗുജറാത്ത് ഹൈകോടതി. സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് ഹിന്ദുവിഭാഗം നൽകിയ ഹരജിയിലാണ് തീരുമാനമുണ്ടായത്. സിനിമ ഹിന്ദുവിഭാഗത്തിനെതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്നതാണെന്നാണ് ഹരജിയിൽ പറയുന്നത്.
സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്ത സിനിമ ആദിത്യ ചോപ്രയാണ് നിർമിച്ചിരിക്കുന്നത്. ജൂൺ 14ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ജൂൺ 18 വരെ കാത്തിരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കേസ് ജൂൺ 18നാണ് ഇനി കോടതി പരിഗണിക്കുക.
കൃഷ്ണ ഭക്തരും പുഷ്ടിമാർഗ വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികളും സമർപ്പിച്ച ഹരജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. 1862ലെ മഹാരാജ് അപകീർത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം പൊതുക്രമത്തെ ബാധിക്കുമെന്നും ഇരു വിഭാഗങ്ങളുടെയും ഹിന്ദുമതത്തിന്റെ അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരണ നൽകുമെന്നുമാണ് ഹരജിയിലെ ആരോപണം.
ട്രെയ്‍ലറോ പ്രമോഷൻ പരിപാടികളോ ഇല്ലാതെ രഹസ്യമായാണ് ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നത്. ഇത്തരമൊരു സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചാൽ തങ്ങളുടെ മതവികാരം വ്രണപ്പെടും. അത് നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഹരജിയിൽ പറയുന്നു. ഈ വാദങ്ങൾ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് സംഗീത വിശൻ സിനിമയുടെ റിലീസ് സ്റ്റേ ചെയ്‌ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ജുനൈദ് ഖാനെ കൂടാതെ ജയ്ദീപ് അഹ്‌ലവത്, ശാലിനി പാണ്ഡെ, ശർവാരി വാഹ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി വാദിച്ച ഒരു പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് കഴിഞ്ഞമാസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.