ഹൈദരാബാദ്: തെലുങ്ക് നടനും നിർമാതാവുമായ മഞ്ചു വിഷ്ണുവിന്‍റെ ഹൈദരാബാദിലെ ഓഫീസുകളിൽ ബുധനാഴ്ച ജി.എസ്.ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ജൂൺ 27 നു റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ ഫാന്‍റസി ചിത്രം കണ്ണപ്പയുടെ പ്രൊമോഷൻ പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്.
ജി.എസ്.ടി ഇന്‍റലിജൻസ് വകുപ്പിലെ സംഘങ്ങളാണ് വിഷ്ണുവിന്‍റെ മാധാപൂരിലെയും കാവൂരി ഹിൽസിലെയും ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. 'റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിൽ അത് നല്ലതാണ്. ഒന്നും മറച്ചുവെക്കാനില്ല.'എന്നാണ് മഞ്ചു വിഷ്ണു പറഞ്ഞത്. സിനിമയുടെ പ്രമോഷനിലായതിനാൽ റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല, മാധ്യമങ്ങൾ വഴിയാണ് വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. ജി.എസ്.ടി അന്വേഷണത്തിന്‍റെ കണ്ടെത്തലുകളെ കുറിച്ചോ തുടർനടപടികളെ കുറിച്ചോ അധികാരികൾ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.