സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദുത്വ ഫാഷിസത്തിന്റെ വളര്‍ച്ചക്ക് സമാന്തരമായി രാജ്യത്തുണ്ടായ വംശീയ ഉന്മൂലനമാണ് 2002ല്‍ ഗുജറാത്തില്‍ നടന്നത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ പുത്തന്‍ തലമുറയുടെ മുന്നിലേക്ക് കൊണ്ടുവെച്ചു എന്നതാണ് എമ്പുരാന്‍ എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയധര്‍മം. ആ അര്‍ഥത്തില്‍ അതിന്റെ സംവിധായകനായ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും മതേതര സമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. എന്നാല്‍, ഈ സിനിമ കണ്ട് ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി മനസിലാക്കുന്നവര്‍ അറിയേണ്ടത്, യഥാര്‍ഥത്തില്‍ നടന്ന ഹിംസയുടെ ആയിരത്തിലൊന്ന് പോലും ആ സിനിമയില്‍ ഇല്ല എന്നതാണെന്ന് പ്രശസ്ത ഡോക്യൂമെന്ററി സംവിധായകൻ ഗോപാല്‍ മേനോന്‍ പറയുന്നു. സിനിമയിലെ രംഗങ്ങള്‍ നിങ്ങളെ ഞെട്ടിച്ചെങ്കില്‍ ശരിക്കും നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ്.
2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഇതിനേക്കാള്‍ എത്രയോ ഭയാനകമായ കാര്യങ്ങളാണ്. ഹിന്ദുത്വ വംശീയ വാദികള്‍ അവിടെ ചെയ്തത്. ഗുജറാത്ത് കൂട്ടക്കൊല നടക്കുമ്പോള്‍ അവിടെ ആദ്യമായി കാമറയുമായി എത്തിയവരില്‍ ഒരാളാണ് ഗോപാല്‍ മേനോന്‍. കലാപം നടക്കുന്ന കാലത്ത് അതേക്കുറിച്ച് ഡോക്യുമെന്ററി നിർമിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഗുജറാത്ത് വംശീയ ഉന്മൂലതനത്തെ കുറിച്ച് ആദ്യമായി നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററിയും അതായിരിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അരങ്ങേറി. എപ്രില്‍മാസത്തില്‍ അമേരിക്കയിലും ലണ്ടനിലും പ്രദര്‍ശിപ്പിച്ചു. വി.എച്ച്.എസ് കാസറ്റും സി.ഡികളും വ്യാപകമായാണ് പ്രചരിച്ചത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി കാണാനുള്ള സൗകര്യമൊരുക്കിയതിനാല്‍ ആയിരങ്ങള്‍ അതുവഴിയും കണ്ടു.
2002 മുതല്‍ 2014 വരെ ഗുജറാത്തിനെ സംബന്ധിച്ച രണ്ട് ഭാഗങ്ങളുള്ള 'അണ്‍ഹോളി വാര്‍ 1, അണ്‍ഹോളി വാര്‍ 2',എന്ന പരമ്പരകളുടെ സംവിധാനവും കാമറയും നിർമാണവും ഗോപാല്‍ മേനോന്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്ത് വീണ്ടും ചര്‍ച്ചകളിലേക്ക്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ട്.
സ്വതന്ത്ര ഡോക്യുമെന്ററി ചലച്ചിത്രകാരനായ ഗോപാല്‍ മേനോന്‍ ബി.ബി.സി, ചാനല്‍ 4 (യു.കെ), എസ്ബി.എസ് (ഓസ്‌ട്രേലിയ), എന്‍എച്ച്.കെ (ജപ്പാന്‍) തുടങ്ങിയ പ്രമുഖ നെറ്റ്വര്‍ക്കുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ ഇന്ത്യയില്‍ നിരോധിച്ച രണ്ട് ഭാഗങ്ങളുള്ള ഇന്ത്യ: ദി മോദി ക്വസ്റ്റ്യനിന്‍റെ ലൊക്കേഷന്‍ പ്രൊഡ്യൂസറും ഗവേഷകനുമായിരുന്നു. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചുള്ള ഹേ റാം: വംശഹത്യയില്‍ ഗാന്ധി നാട് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.