റിലീസിന് ഒരു ദിവസം മുമ്പ് മാറ്റിവെച്ച ചിത്രം; പ്രശ്നങ്ങൾ പരിഹരിച്ച് ഒടുവിൽ ധ്രുവനച്ചത്തിരം എത്തുന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ, തന്‍റെ ആക്ഷൻ ചിത്രമായ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏകദേശം പരിഹരിച്ചെന്ന് സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ. വിക്രം നായകനായ ചിത്രം ഉടൻ വെളിച്ചം കാണുമെന്നാണ് പ്രതീക്ഷ. അടുത്തിടെ സിനിഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 'അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിച്ചു, ഉടൻ തന്നെ നിങ്ങൾക്ക് ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം' എന്നാണ് ഗൗതം വാസുദേവ് ​​മേനോൻ പറഞ്ഞത്.

ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് വിവരം. 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൂര്യയെ നായകനാക്കി ആദ്യം 2013ല്‍ ആലോചിച്ച ധ്രുവനച്ചത്തിരം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015ല്‍ പല താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൗതം മേനോന്‍ തന്നെ നിർമിച്ച ചിത്രം 2017ല്‍ ചിത്രീകരണം തുടങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പലതവണ മുടങ്ങി.

2023ൽ ചിത്രീകരണം പൂർത്തിയാക്കി. 2023 സെപ്റ്റംബറിൽ, ചിത്രം അതേവർഷം നവംബർ 24ന് പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. എന്നാൽ, ഷെഡ്യൂൾ ചെയ്ത റിലീസിന് ഒരു ദിവസം മുമ്പ്, തീർപ്പാക്കാത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട്, 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യാമെന്ന് ടീം സൂചിപ്പിച്ചുവെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.

അതിനിടയിൽ, ഗൗതം വാസുദേവ് ​​മേനോന്‍റെ മറ്റൊരു ചിത്രം, 'ജോഷ്വ: ഇമൈ പോൽ കാക്ക' 2024 മാർച്ചിൽ പുറത്തിറങ്ങി. ഈ ചിത്രം ധ്രുവനച്ചത്തിരം യുനിവേഴ്സിന്‍റെ ഭാഗമാണ്. 2025 ഫെബ്രുവരിയിൽ, ധ്രുവനച്ചത്തിരം 2025 ഏപ്രിലിൽ റിലീസിനൊരുങ്ങുകയാണെന്ന് ഹാരിസ് ജയരാജ് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് ഇപ്പോൾ തിയറ്ററുകളില്‍ എത്താന്‍ തയാറെടുക്കുന്നത്.

വിക്രമിനെ കൂടാതെ വിനായകൻ, ഋതു വർമ, പാർഥിബൻ, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരും ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുന്നു. മനോജ് പരമഹംസ, ജോമോൻ ടി ജോൺ, സന്താന കൃഷ്ണൻ, രവിചന്ദ്രൻ എന്നിവരുടെ ഛായാഗ്രഹണത്തിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ എഡിറ്റിങ് പ്രവീൺ ആന്‍റണിയാണ്. ഒരു ഊരിലെയൊരു ഫിലിം ഹൗസുമായി സഹകരിച്ച് ഒൺട്രാഗ എന്‍റർടൈൻമെന്‍റാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. 

Tags:    
News Summary - Gautham Vasudev Menon says issues related to Dhruva Natchathiram are almost solved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.