പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'ലൂസിഫർ' ചിത്രത്തിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' മാർച്ച് 27 ന് റിലീസിന് ഒരുങ്ങുങ്ങയാണ്. സിനിമയുടെ ക്യാരക്റ്റർ പോസ്റ്ററുകൾ ഓരോന്നായി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ സൂപ്പർഹിറ്റ് വെബ് സീരീസ് 'ഗെയിം ഓഫ് ത്രോൺസ്' ലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ജെറോം ഫ്ലിന്നിനെയും എത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് ജെറോം ഫ്ലിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ജെറോം ഫ്ലിന്നിന്റെ വിഡിയോ പൃഥ്വിരാജ് തന്റെ ഇൻസ്റാഗ്രാമിലൂടെയും ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയും പുറത്തുവിട്ടിരിക്കുകയാണ്.
എമ്പുരാൻ ചിത്രത്തിന്റെ ഭാഗമായതിൽ വളരെ സന്തോഷമുണ്ടെന്നും, യു.കെയിലും യു.എസിനും പുറത്ത് വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നും താരം പറഞ്ഞു.
തന്റെ യൗവനകാലത്ത് ഏറെ വര്‍ഷക്കാലം ആത്മീയതയുടെ ഭാഗമായി താന്‍ ഇന്ത്യയില്‍ ചിലവഴിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ അനുഭവങ്ങള്‍ തന്റെ ജീവിതത്തെ ഏറെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാനില്‍ പ്രവര്‍ത്തിക്കാനായത് വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്നും ജെറോം പറയുന്നു.
തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. എങ്കിലും ഖുറേഷിയുടെ യാത്രയില്‍ ബോറിസ് ഒലിവറിന് ഒരു പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും ജെറോം വ്യക്തമാക്കി. തന്റെ കഥാപാത്രവും സിനിമയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജെറോം കൂട്ടിച്ചേര്‍ത്തു.
എച്ച്.ബി.ഒ 'ഗെയിം ഓഫ് ത്രോൺസിലൂടെയാണ് ജെറോം കൂടുതൽ അറിയപ്പെടുന്നതെങ്കിലും ജോൺ വിക്ക് ചാപ്റ്റർ 3, എ സമ്മർ സ്റ്റോറി, ബെസ്റ്റ് എന്നീ സിനിമകളിലും കൂടാതെ റിപ്പർ സ്ട്രീറ്റ്, ബ്ലാക്ക് മിറർ, 1923 തുടങ്ങിയ സീരീസിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.