ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത് നാല് തമിഴ് സിനിമകളാണ്.ബൈസൻ കാലമാടൻ, നാടു സെന്‍റർ, ഡീസൽ, ദ ഫാമിലി മാൻ സീസൺ 3 എന്നിവയാണവ.
ധ്രുവ് വിക്രം, പശുപതി, അമീർ, ലാൽ, അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവർ അഭിനയിച്ച മാരി സെൽവരാജിന്‍റെ ബൈസൻ കാലമാടൻ ഒ.ടി.ടിയിലേക്ക്. സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായ ബൈസൻ നവംബർ 21ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. 1990കളിൽ തമിഴ്‌നാട്ടിലെ പിന്നാക്ക സമുദായത്തിൽ നിന്നുള്ള കിട്ടൻ വേലുസാമി എന്ന യുവാവിന്‍റെ കഥയാണ് 'ബൈസൻ'. സ്കൂൾ കാലം മുതൽ കബഡി കളിക്കാരനാകാനുള്ള അവന്‍റെ സ്വപ്നവും, അതിനെ തടസ്സപ്പെടുത്തുന്ന സാമൂഹിക അടിച്ചമർത്തലുകൾ, മുൻവിധികൾ, കുടുംബ വിലക്കുകൾ, അക്രമാസക്തമായ വൈരാഗ്യങ്ങൾ എന്നിവയും സിനിമ ചിത്രീകരിക്കുന്നു. കബഡി കളിക്കാരനായ പി. ഗണേശന്‍റെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സിനിമ.
സൂര്യ എസ്.കെ, സൂര്യ വിജയ് സേതുപതി, സാറാ ബ്ലാക്ക് ടെറൻസ്, എം. ശശികുമാർ എന്നിവർ അഭിനയിച്ച നാടു സെന്‍റർ ഒ.ടി.ടിയിലേക്ക്. നാരു നാരായണൻ സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമയിൽപ്പെട്ട ചിത്രം നവംബർ 20ന് ജിയോഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. 17 വയസ്സുള്ള ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായ പി.കെ.യുടെ കഥയാണിത്. അവനെ മോശം പെരുമാറ്റം കാരണം അവനെ പ്രശ്‌നക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഒരു അക്രമാസക്തമായ സ്കൂളിലേക്ക് മാറ്റുന്നു. അവിടെയുള്ള പ്രശ്‌നക്കാരായ വിദ്യാർഥികളെ ഉപയോഗിച്ച് ഒരു ബാസ്‌ക്കറ്റ്‌ബോൾ ടീം രൂപീകരിക്കാൻ പി.കെ.യെ ചുമതലപ്പെടുത്തുന്നു. ഇത് വ്യക്തിഗത വളർച്ചയുടെയും, ഉത്തരവാദിത്തബോധത്തിന്‍റെയും, മോചനത്തിന്‍റെയും യാത്രയായി മാറുന്നതാണ് കഥാതന്തു.
ഹരീഷ് കല്യാൺ, അതുല്യ രവി, പി. സായ് കുമാർ, വിനയ് റായ്, കരുണാസ് എന്നിവർ അഭിനയിച്ച ഷൺമുഖം മുത്തുസ്വാമി ചിത്രം ഡീസൽ ഒ.ടി.ടിയിലേക്ക്. ആക്ഷൻ ത്രില്ലറായ ചിത്രം നവംബർ 21ന് സൺഎൻഎക്.സ്.ടിയിലൂടെ സ്ട്രീമിങ് ആരംഭിക്കും. കെമിക്കൽ എഞ്ചിനീയറിങ് പഠിച്ച വാസുദേവൻ, അഥവാ ഡീസൽ വാസുവിന്‍റെ കഥയാണിത്. ചെന്നൈയിൽ ഇന്ധനക്കടത്ത് നടത്തുന്ന വളർത്തച്ഛന്‍റെ സംഘം ഒരു പ്രശ്നത്തിൽ അകപ്പെടുന്നു. വാസു തന്‍റെ കഴിവുകൾ ഉപയോഗിച്ച് ഈ സിൻഡിക്കേറ്റ് ഏറ്റെടുക്കുകയും കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വന്തം സമൂഹത്തിന്‍റെ ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതോടെ, അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍റെയും എതിരാളികളായ കള്ളക്കടത്തുകാരുടെയും പാതയിൽ വാസു എത്തുന്നതാണ് കഥ.
മനോജ് ബാജ്‌പേയി, ഷാരിബ് ഹാഷ്മി, പ്രിയാമണി, ജയദീപ് അഹ്ലാവത്ത്, നിമ്രത് കൗർ എന്നിവർ അഭിനയിച്ച ദ ഫാമിലി മാൻ സീസൺ 3 ഒ.ടി.ടിയിലേക്ക്. സ്‌പൈ ആക്ഷൻ ത്രില്ലറായ ചിത്രം നവംബർ 21ന് ആമസോൺ പ്രൈം വിഡിയോ സ്ട്രീം ചെയ്യും. മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന രഹസ്യ ഏജന്‍റ് ശ്രീകാന്ത് തിവാരിയുടെ തിരിച്ചുവരവാണ് മൂന്നാം സീസൺ. പുതിയ മേഖലകളിലേക്ക് കടക്കുന്ന ശ്രീകാന്ത് അപകടകാരികളായ പുതിയ ശത്രുക്കളെ നേരിടുന്നിടത്താണ് കഥ വികസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.