അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ ചലച്ചിത്ര മേഖല. മുൻകാല റെക്കോർഡുകൾ തകർക്കുക എന്നത് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒരു സാധാരണ അഭിലാഷമായി മാറിയിരിക്കുന്നു. ബോക്‌സ് ഓഫിസിൽ 100 കോടി രൂപ എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് ഒരു മഹത്തായ നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ സിനിമക്ക്.
ഇന്നും പല നടന്മാരുടെയും സ്വപ്നമാണ് കരിയറിലെ 100 കോടി സിനിമ എന്നത്. പക്ഷേ അത് യാഥാർഥ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നാൽ, ടിക്കറ്റ് വിലയിലെ വർധനവും സിനിമാശാലകളുടെ വ്യാപനവും ആഗോള റിലീസുകളുടെ എണ്ണത്തിലുള്ള വർധനവും കാരണം ഇപ്പോൾ അത് കൈവരിക്കാവുന്ന നേട്ടമാണ്.
ബോളിവുഡിൽ 100 കോടി രൂപ കലക്ഷൻ നേടിയ ആദ്യ ചിത്രം ഏതാണെന്ന ചോദ്യത്തിന് ഗജ്‌നി, ദംഗൽ തുടങ്ങിയ മറുപടികളായിരിക്കും പലരും പറയുക. പക്ഷേ, ആ നേട്ടം കൈവരിച്ചത് പുതിയ സിനിമകളൊന്നുമല്ല എന്നതാണ് വസ്തുത. ലോകമെമ്പാടുമായി 100 കോടി രൂപ കലക്ഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ 1982ലാണ് റിലീസായത്.
100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ചിത്രം ഡിസ്കോ ഡാൻസർ ആയിരുന്നു. ഡിസ്കോ താരമായി മാറുന്ന ജിമ്മി എന്ന തെരുവ് ഗായകനായി മിഥുൻ ചക്രവർത്തിയാണ് അഭിനയിച്ചത്. കിം, രാജേഷ് ഖന്ന, ഓം പുരി എന്നിവരും ചിത്രത്തിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1984ൽ സോവിയറ്റ് റഷ്യയിൽ ചിത്രം റിലീസ് ചെയ്തതായി ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് രാജ്യത്തെ ഏറ്റവും വലിയ ഹിറ്റായി ഇത് മാറി. 12 കോടി ടിക്കറ്റുകൾ വിറ്റഴിച്ച് ഏകദേശം 60 ദശലക്ഷം റുബിളുകൾ (ഏകദേശം 94.28 കോടി രൂപ) നേടി. ഇതോടെ ഡിസ്കോ ഡാൻസറിന്റെ ലോകമെമ്പാടുമുള്ള വരുമാനം 100.68 കോടി രൂപയായി. വിദേശത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി കാൽനൂറ്റാണ്ടിലേറെ അത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.