പല ഭാഷകളിൽ നിന്നായി പല വിഭാഗങ്ങളിലുള്ള സിനിമകൾ ഈ ആഴ്ച ഒ.ടി.ടിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും. പ്രണയം, ആക്ഷൻ, ഫാന്‍റസി അങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പല ഴോണറുകളും ഈ ആഴ്ച ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്നത് ഷെയ്ൻ നിഗം നായകനായ ബൾട്ടി എന്ന ചിത്രമാണ്.
ബൾട്ടി
ഷെയ്ൻ നിഗം നായകനായ സ്പോർട്സ് ആക്‌ഷൻ ചിത്രമാണ് 'ബൾട്ടി'. ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ജനുവരി ഒമ്പതിന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിൽ ഷെയ്നൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അങ്കമ്മാൾ
വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത് ഗീത കൈലാസം, ശരൺ ശക്തി, തെന്ദ്രൽ രഘുനാഥൻ, ഭരണി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച തമിഴ് ചിത്രമാണ് അങ്കമ്മാൾ. ഗീത കൈലാസമാണ് അങ്കമ്മാളായി അഭിനയിക്കുന്നത്. ചിത്രം ജനുവരി ഒമ്പതിന് സൺ നെക്സ്റ്റിലൂടെ സ്ട്രീമിങ് ആരംഭിക്കും. പരമ്പരാഗത ഗ്രാമീണ ജീവിതവും ആധുനിക അഭിലാഷങ്ങളും തമ്മിലുള്ള സംഘർഷത്തെ സിനിമ തുറന്നുകാട്ടുന്നു. പെരുമാൾ മുരുകന്റെ 'കോടിത്തുണി' എന്ന ചെറുകഥയാണ് സിനിമക്ക് അടിസ്ഥാനം.
അഖണ്ഡ 2
നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. 'അഖണ്ഡ'യുടെ രണ്ടാം ഭാഗമായ അഖണ്ഡ 2: താണ്ഡവത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോയപതി ശ്രീനുവാണ് സംവിധാനം. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണെന്ന പ്രത്യേകതയും അഖണ്ഡ 2നുണ്ട് നെറ്റ്ഫ്ലിക്സിലൂടെ ജനുവരി ഒമ്പതിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം അടക്കമുള്ള ഭാഷകളിൽ ചിത്രം കാണാവുന്നതാണ്.
മാസ്‌ക്
കവിനും ആൻഡ്രിയ ജെറമിയയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് 'മാസ്‌ക്'. ജനുവരി ഒമ്പത് മുതൽ സീ5ൽ ചിത്രം സ്ട്രീം ചെയ്യും. വികർണ്ണൻ അശോക് സംവിധാനം ചെയ്ത ചിത്രത്തിൽ റുഹാനി ശർമ, ചാൾ, അച്യുത് കുമാർ, അർച്ചന ചന്ദോക്ക്, ജോർജ് മരിയൻ, ആടുകളം നരേൻ, സുബ്രഹ്മണ്യം ശിവ, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.