ഷാറൂഖ് ഖാനൊപ്പം ആറ് പ്രമുഖ താരങ്ങൾ അണിനിരന്ന് 2014ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ സിനിമ. വലിയ വിജയം നേടി എന്നത് മാത്രമല്ല, ഈ സിനിമക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ഫറ ഖാൻ സംവിധാനം ചെയ്ത് ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായി മാറിയ ഹാപ്പി ന്യൂ ഇയറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഹാപ്പി ന്യൂ ഇയറിന്റെ കഥ പുതുമയുള്ളതും ആകർഷകവും രസകരവുമായിരുന്നു. ഷാറൂഖ് ഖാനെ കൂടാതെ, ദീപിക പദുക്കോൺ, സോനു സൂദ്, ബൊമൻ ഇറാനി, അഭിഷേക് ബച്ചൻ, വിവാൻ ഷാ, ജാക്കി ഷ്രോഫ് എന്നിവർ അഭിനയിച്ച ചിത്രം ഷാറൂഖിന്റെ ജീവിത പങ്കാളിയായ ഗൗരി ഖാനാണ് നിർമിച്ചത്. 150 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ലോകമെമ്പാടുമായി 397 കോടി രൂപ കലക്ഷൻ നേടി.
അമിതാഭ് ബച്ചൻ ഉൾപ്പെടെ വ്യത്യസ്തമായ ഒരു താരനിരയെ വെച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു ഹാപ്പി ന്യൂ ഇയർ. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2004ൽ പുറത്തിറങ്ങിയ മേം ഹൂം നായുടെ വിജയത്തിന് തൊട്ടുപിന്നാലെ തന്നെ ഹാപ്പി ന്യൂ ഇയർ നിർമിക്കാൻ ഫറ ഖാൻ പദ്ധതിയിട്ടിരുന്നു. ഒടുവിൽ ഒമ്പത് വർഷമെടുത്തു സിനിമ തിയറ്ററിലെത്തിക്കാൻ.
അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, ജൂഹി ചൗള, മനീഷ കൊയ്‌രാള, അമീഷ പട്ടേൽ, പ്രിയങ്ക ചോപ്ര, രവീണ ടണ്ടൻ, സായിദ് ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം നിർമിക്കാനാണ് ഫറ ആദ്യം ആലോചിച്ചത്. എന്നാൽ അത് മുന്നോട്ട് പോയില്ല.
2006ൽ ഫറ ഖാൻ ദീപിക പദുക്കോണുമായി ചിത്രത്തിന്‍റെ കരാറിൽ ഒപ്പിട്ടു. ദീപിക ഓം ശാന്തി ഓമിൽ വർക്ക് ചെയ്യുന്നതിനാൽ കാലതാമസം നേരിട്ടു. അടുത്ത ആറ് വർഷത്തേക്ക് ഹാപ്പി ന്യൂ ഇയർ ചർച്ചകളിൽ മാത്രം തുടർന്നു. ഈ കാലയളവിൽ മറ്റ് ചിത്രങ്ങൾ ഫറ സംവിധാനം ചെയ്തു.
ഷാറൂഖ് ഖാനും ഫറ ഖാനും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കാലതാമസത്തിന് കാരണമായ മറ്റൊരു ഘടകമെന്നും റിപ്പോർട്ടുണ്ട്. 2012ൽ ഇരുവരും ഒത്തുതീർപ്പിലെത്തി, ഒടുവിൽ ചിത്രത്തിന്റെ നിർമാണം ആരംഭിച്ചു. ദീപികക്ക് പുറമേ, പ്രിയങ്ക ചോപ്രയെയും പ്രധാന വേഷത്തിനായി ഫറ പരിഗണിച്ചിരുന്നു. എന്നിരുന്നാലും, ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായതിനാൽ പ്രിയങ്കക്ക് ഓഫർ നിരസിക്കേണ്ടിവന്നു.
സോനാക്ഷി സിൻഹ, അസിൻ, ഐശ്വര്യ റായ് ബച്ചൻ, പരിണീതി ചോപ്ര, കത്രീന കൈഫ് എന്നിവരെയാണ് പിന്നീട് സമീപിച്ചത്. സോനു സൂദിന്റെ വേഷത്തിനായി ഫറ ആദ്യം ജോൺ എബ്രഹാമിനെയും പൃഥ്വിരാജ് സുകുമാരനെയും സമീപിച്ചു. പക്ഷേ അതൊന്നും നടന്നില്ല. ഇത്തരത്തിൽ ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ഹാപ്പി ന്യൂ ഇയർ ഒരു വലിയ വിജയമായി മാറുകയും 2014ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.