ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി മൂന്നാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. കേരളത്തിലെ സിനിമ വിതരണക്കാരുടെ സംഘടനയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ തന്നെ അടുത്ത വർഷത്തേക്ക് നീട്ടുകയായിരുന്നു.
വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്.എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവൻ, മുകേഷ് ആർ. മേത്ത, പി. എ. സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും എസ്.ഐ.എഫ്.എ(സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രംഗത്തെത്തുന്നത്. പിന്നീട് 'ഉസ്താദ് ഹോട്ടൽ', 'ഹൗ ഓൾഡ് ആർ യു' തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ പ്രധാന നിർമാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി. 'ഡ്രൈവിങ് ലൈസൻസ്', 'കടുവ', 'ജനഗണമന' എന്നീ സിനിമകൾ പൃഥ്വിരാജിനൊപ്പം നിർമിച്ചു. ദിലീപ് നായകനായെത്തിയ 'പ്രിൻസ് ആൻഡ് ഫാമിലി'യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.