ശങ്കർ
യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി ഇ.ഡി. ശങ്കറിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 20ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.
ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെ മദ്രാസ് ഹൈകോടതിയിൽ അരരൂർ തമിഴ്നാടൻ എന്ന എഴുത്തുകാരനാണ് കേസ് ഫയൽ ചെയ്തത്. വൻ വിജയമായ രജനികാന്ത് ചിത്രം യന്തിരന്‍റെ (2010) ഇതിവൃത്തം താൻ 1996-ൽ പ്രസിദ്ധീകരിച്ച ജുഗീബ എന്ന കഥയിൽ നിന്ന് പകർത്തിയതാണെന്നാണ് അരരൂർ തമിഴ്നാടൻ അവകാശപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് എഴുത്തുകാരൻ.
അന്ന് തമിഴ്നാടൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 2011 മേയിലാണ് ആരൂര്‍ തമിഴ്നാടന്‍ ശങ്കറിനെതിരെ പരാതി നല്‍കിയത്. 2023-ൽ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധിക്കുകയും അരരൂർ തമിഴ്നാടന്‍റെ കേസിനെ പിന്തുണക്കാൻ സ്വതന്ത്ര സാക്ഷികളുടെ അഭാവം മൂലം കേസ് തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.