കൊച്ചി: സിനിമ മേഖലയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദനികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. നിലവിലെ ജി.എസ്.ടിക്ക് പുറമെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദനികുതി ഒരു രാജ്യം ഒറ്റ നികുതി എന്ന ആശയത്തെ തന്നെ പരാജയപ്പെടുത്തുന്നതിനാൽ ഭരണഘടന ഭേദഗതിയിലൂടെ സംസ്ഥാനതലത്തിൽ വിനോദനികുതി ഏർപ്പെടുത്തുന്നത് നിർത്തലാക്കണമെന്നാണ് ആവശ്യം.
100 രൂപക്ക് മുകളിലുള്ള സിനിമ ടിക്കറ്റിന് നിലവിൽ 18 ശതമാനവും താഴെയുള്ളതിന് 12 ശതമാനവുമാണ് ജി.എസ്.ടി. ഇത് 200 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 18ഉം താഴെയുള്ളതിന് 12 ശതമാനവും എന്ന നിലയില്‍ പുനഃക്രമീകരിക്കണം. 100 രൂപക്ക് താഴെയുള്ള ടിക്കറ്റിന് ജി.എസ്.ടി ഒഴിവാക്കണം. കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളിലും ടി.ഡി.എസ് ഈടാക്കുന്നത് ഫണ്ട് അപര്യാപ്തതക്ക് കാരണമാവുന്നുണ്ട്. ഇതുസംബന്ധിച്ചും പുനരവലോകനം വേണം.
സിനിമ മേഖലക്ക് വ്യാവസായിക പദവി നൽകുന്നത് പരിഗണിക്കണം. സാറ്റ്ലൈറ്റ് ഒ.ടി.ടി അവകാശ വിൽപനയുമായി ബന്ധപ്പെട്ട് ടി.ഡി.എസ് ഈടാക്കുന്നതിൽ അനിശ്ചിതത്വമുണ്ട്, ഇതിൽ വ്യക്തത വരുത്തണമെന്നും അടിയന്തര ഇടപെടൽ വേണമെന്നും ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്കുമാർ എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.