കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണ. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.
അമ്മയിലെ അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
നേരത്തേ മോഹൻലാൽ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി മോഹൻലാൽ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.
ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നാണ് നേരത്തേ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതൽ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.